udupuzha-road

 ഒന്നര കിലോമീറ്റർ റോഡ് നന്നാക്കാൻ മൂന്നു വർഷമായി സമരം

പൂച്ചാക്കൽ: പാണാവള്ളി അഞ്ചുതുരുത്തിലെ ഊടുപുഴ റോഡിനെയൊന്ന് നേരെയാക്കാൻ പ്രദേശവാസികൾ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫലമില്ല. നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന ഈ റോഡൊന്നു ശരിയാക്കാൻ വേണ്ടി കഴിഞ്ഞ മൂന്നു വർഷമായി സമരത്തിലാണ് നാട്ടുകാർ.

പഞ്ചായത്ത് ഓഫീസ് - ഊടുപുഴ റോഡാണ് അധികൃതരുടെ അവഗണന മൂലം നാടിന്റെ നടുവൊടിക്കുന്നത്. ഫണ്ട് അനുവദിച്ചതായി പറഞ്ഞു പറ്റിക്കുന്നതല്ലാതെ മറ്റു നടപടികളൊന്നുമില്ല. രണ്ടു വർഷമായി ആട്ടോറിക്ഷകൾ ഈ റോഡ് ബഹിഷ്കരിച്ചിരിക്കുകയാണ്. വെറും ഒന്നര കിലോമീറ്റർ റോഡിനു വേണ്ടിയാണ് നാടൊന്നിച്ച് പ്രതിഷേധിക്കുന്നത്. എന്നിട്ടും അധികൃതർ കണ്ടമട്ടില്ല.

പഞ്ചായത്തിന്റെ എട്ടും ഒൻപതും വാർഡുകളിലെ അതിരിലാണ് റോഡ്. എട്ടാം വാർഡിനെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബാ സത്യനും ഒൻപതിനെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രേംലാലുമാണ് പ്രതിനിധീകരിക്കുന്നത്.

റോഡിന്റെ പുനർനിർമ്മാണത്തിനായി, റീ ബിൽഡ് പദ്ധതിയിൽപ്പെടുത്തി 40 ലക്ഷം രൂപ അനുവദിച്ചതാണെന്നും, എന്നാൽ പദ്ധതി നടപ്പാക്കാനുള്ള വീതി റോഡിന് ഇല്ലെന്ന കാരണത്താൽ നടക്കാതെ പോയതാണെന്നും പ്രേംലാൽ പറയുന്നു. ഇപ്പോൾ വില്ലേജ്‌ സർക്യൂട്ട് ടൂറിസം പദ്ധതിയിൽപ്പെടുത്തി റോഡിന്റെ പുനർനിർമ്മാണ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

................................

കിടപ്പു രോഗികളെയും അത്യാസന്ന നിലയിലായവരെയും ആശുപത്രിയിൽ എത്തിക്കാൻ പോലും ബുദ്ധിമുട്ടുകയാണ്. എത്രയും വേഗം റോഡ് സഞ്ചാര യോഗ്യമാക്കണം

(രതീഷ് മംഗലത്തുചിറ, പ്രദേശവാസി)

............................

റോഡ് അളക്കലും എസ്റ്റിമേറ്റ് എടുക്കലും പല തവണ നടന്നെങ്കിലും റോഡ് പണി മാത്രം നടക്കുന്നില്ല. അടിയന്തര നടപടി സ്വീകരിക്കണം

(പത്മാലയത്തിൽ ശശീന്ദ്രൻ, പലചരക്ക് കച്ചവടക്കാരൻ)