മാവേലിക്കര: മാവേലിക്കര താലൂക്കിൽ പെട്ടി ആട്ടോയിലുള്ള മത്സ്യം, പച്ചക്കറി കച്ചവടം നിറുത്തിവയ്ക്കാൻ തീരുമാനം. മത്സ്യം, പച്ചക്കറി വ്യാപാരികൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും ഇവരുടെ ഉറവിടം കണ്ടെത്താൻ കഴിയാത്തതിനാലും ഇവരിലൂടെ വ്യാപനം ഉണ്ടായതും കണക്കിലെടുത്തുമാണ് തീരുമാനമുണ്ടായത്. 'പെട്ടിആട്ടോയിൽ കയറി വരും കൊവിഡ്' എന്ന തലക്കെട്ടിൽ 'കേരളകൗമുദി' ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു,
പെട്ടിആട്ടോയിലെ മത്സ്യം, പച്ചക്കറി കച്ചവടം സമൂഹ വ്യാപനത്തിന് കാരണമാകുന്നതായി കഴിഞ്ഞ അവലോക യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ കർശന നടപടി സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആർ.രാജേഷ് എം.എൽ.എ അറിയിച്ചു.
കേസ് എടുക്കും
കായംകുളം, കരുനാഗപ്പള്ളി പ്രദേശങ്ങളിൽ നിന്നാണ് മാവേലിക്കരയിൽ പെട്ടിആട്ടോ കച്ചവടക്കാർ എത്തുന്നത്. ഇവരെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും രഹസ്യമായി കച്ചവടത്തിന് എത്തിയാൽ പകർച്ചവ്യാധി വ്യാപന നിരോധന നിയമം ലംഘിച്ചതിന് കേസ് എടുക്കുമെന്നും മാവേലിക്കര സി.ഐ ബി.വിനോദ് കുമാർ അറിയിച്ചു.