ആലപ്പുഴ: ജില്ലയിൽ അഞ്ച് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 87 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 338 ആയി. 19 പേർ വിദേശത്തുനിന്നു എത്തിയവരാണ്. 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തി. 47 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
രണ്ട് ഐ.ടി.ബി.പി ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്നലെ 11 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി. ഇതോടെ രോഗമുക്തരായവർ 250 ആയി. മുംബയിൽ നിന്നെത്തിയ അരൂർ സ്വദേശിനികൾ, ദമാമിൽ നിന്നെത്തിയ ബുധനൂർ സ്വദേശി, കുവൈറ്റിൽ നിന്ന് എത്തിയ കരുവാറ്റ, ചെങ്ങന്നൂർ, ചേർത്തല, മുഹമ്മ, പാലമേൽ സ്വദേശികൾ, ദുബായിൽ നിന്നു വന്ന പുന്നപ്ര സ്വദേശി, ബഹ്റനിൽ നിന്ന് വന്ന ബുധനൂർ സ്വദേശി, മുംബയിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശി എന്നിവരുടെ പരിശോധന ഫലം ആണ് നെഗറ്റീവായത്.