ചേർത്തല: കോടതി കവലയ്ക്ക് കിഴക്ക് ഭാഗത്തെ ബിവറേജസ് മദ്യ വില്പന ശാലയിൽ ഇന്നലെ വൈകിട്ട് നടന്ന ആക്രമണത്തിൽ സെക്യൂരി​റ്റി ജീവനക്കാരനടക്കം രണ്ട് പേർക്ക് പരിക്കേ​റ്റു. 4.30ഓടെയായിരുന്നു സംഭവം.

സെക്യൂരി​റ്റി ജീവനക്കാരൻ എസ്.എൽ പുരം കാര്യാട്ടുവെളി കമലാസനൻ (59), ലോഡിംഗ് തൊഴിലാളി ബിജു (45) എന്നിവർക്കാണ് പരിക്കേറ്റത്. ബെവ് കോ ആപ്പിൽ രജിസ്​റ്റർ ചെയ്ത് ഇന്ന് ലഭിക്കേണ്ട മദ്യം ഇന്നലെ ആവശ്യപ്പെട്ടതോടെയാണ് തർക്കമുണ്ടായത്. ഇവർക്ക് ഒപ്പമെത്തിയവർ ആക്രമണം നടത്തുകയുമായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്റെ ഇടതു കൈ അക്രമിസംഘം തല്ലിയെടിച്ചു. തടയാനെത്തിയ ബിജുവിന്റെ തലയ്ക്കാണ് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പൊലീസ് കസ്​റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതികളെ പിടികൂടണം

ചേർത്തല നഗരത്തിലെ സർക്കാർ മദ്യവില്പനശാലയിൽ അക്രമം നടത്തിയ മുഴുവൻ പ്രതികളെയും അടിയന്തിരമായി പിടികൂടണമെന്ന് വിദേശമദ്യ വ്യവസായ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ആലപ്പുഴ വടക്കൻ മേഖല കൺവീനർ വി.ഡി.അഭിലാഷ് ആവശ്യപ്പെട്ടു.