 പുറത്തിറങ്ങിയാൽ കേസ്

ആലപ്പുഴ: കണ്ടെയിൻമെന്റ് സോണുകളിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കാൻ പൊലീസിന് കളക്ടറുടെ നിർദ്ദേശം. കാര്യങ്ങൾ കൈവിട്ടു പോകുന്ന പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുള്ള നിബന്ധനകൾ പാലിച്ചില്ലെങ്കിൽ അകത്താകാനുള്ള സാദ്ധ്യത ഏറെയാണ്.

കേസുകൾ കൂടിയതും ഉറവിടം കണ്ടെത്താൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതും പരിഗണിച്ചാണ് നിയന്ത്റണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചത്. കണ്ടെയ്ൻമെന്റ് സോണുകളിൽ പലയിടത്തും ലോക്ക്ഡൗൺ നിയന്ത്റണങ്ങൾ ലംഘിക്കുന്ന സാഹചര്യമുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ പാലിക്കേണ്ട കർശനമായ നിയന്ത്റണങ്ങൾ സംബന്ധിച്ച് വ്യക്തമായ മാർഗ്ഗ നിർദ്ദേശം സർക്കാർ നൽകിയിട്ടുള്ളതാണെന്നും ഇക്കാര്യത്തിൽ ജനങ്ങളുടെ പൂർണ സഹകരണം ഉണ്ടാകണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.

ദേശീയ പാതയിലൂടെയും കായംകുളം പുനലൂർ റോഡിലൂടെയും ഗതാഗതം അനുവദിച്ചിട്ടുണ്ട്. നിയന്ത്റണങ്ങൾ ഉള്ള ഭാഗങ്ങളിൽ ഇറങ്ങാനോ കയറാനോ പാടില്ല. കണ്ടെയ്ൻമെന്റ് സോണുകളിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്. അവശ്യവസ്തുക്കളുടെ വിതരണത്തിനും, അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രയ്ക്കും നിയന്ത്റണങ്ങൾക്ക് വിധേയമായി ഇളവുകൾ ഉണ്ടായിരിക്കും.

അവശ്യ, ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മാത്രം രാവിലെ 8 മണി മുതൽ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങൾക്ക് (പി.ഡി.എസ്) രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേർ എത്താൻ പാടില്ല.