ആലപ്പുഴ: നൂറനാട് ഐ.ടി.ബി.പി ക്യാമ്പിലെ മുഴുവൻ ഉദ്യോഗസ്ഥരെയും സ്രവ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കളക്ടർ എ.അലക്‌സാണ്ടർ അറിയിച്ചു.
350ൽ അധികം ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. കഴിഞ്ഞ ദിവസം 118 പേരുടെ സ്രവം പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. കൊവിഡ് പോസിറ്റീവ് ആയവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നെഗറ്റീവ് ആകുന്നവരെ ക്വാറന്റൈൻ ചെയ്യുന്നതിന് ജില്ല ഭരണകൂടം മൂന്നു കെട്ടിടങ്ങൾ ഏറ്റെടുത്തു. ഐ.ടി.ബി.പി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാൻ ചെങ്ങന്നൂർ ആർ.ഡി.ഒയെ ചുമതലപ്പെടുത്തിയതായി കളക്ടർ പറഞ്ഞു. ഐ.ടി.ബി.പി ക്യാമ്പിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ കൊവിഡ് രോഗ നിയന്ത്രണത്തിന്റെ ഭാഗമായി നൂറനാട്, പാലമേൽ, താമരക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളും ലാർജ് ക്ലസ്റ്റർ, കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.