ആലപ്പുഴ: സംസ്ഥാനത്തെ ആറ് സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 11ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു.

രജിസ്‌ട്രേഷൻ വകുപ്പിന്റെ ചരിത്രത്തിലാദ്യമായി അടിസ്ഥാന സൗകര്യ വികസനത്തിലും സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകുന്ന കാര്യത്തിലും സമാനതകളില്ലാത്ത നേട്ടങ്ങളാണ് കഴിഞ്ഞ നാലുവർഷമായി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇ സ്റ്റാമ്പിംഗ്, ഇ പേയ്‌മെന്റ് രേഖകളുടെ ഡിജിറ്റലൈസേഷൻ, ഓൺലൈൻ സേവനങ്ങൾ തുടങ്ങി ഒട്ടേറെ സേവനങ്ങൾ ആധുനിക സാങ്കേതിക വിദ്യ പ്രോയജനപ്പെടുത്തി പൊതുജനങ്ങൾക്ക് ലഭ്യമാക്കി. കിഫ്ബി മുഖാന്തിരം 100 കോടി രൂപ ചെലവഴിച്ച് കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ രജിസ്‌ട്രേഷൻ കോംപ്ലക്‌സുകൾ ഉൾപ്പെടെ വിവിധ ജില്ലകളിലായി 51 ഓഫീസ് കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. നിർമ്മാണം പൂർത്തിയാക്കിയ 10 കെട്ടിടങ്ങളുടെ പ്രവർത്തനോദ്ഘാടനം 2020 ഫെബ്രുവരിയിൽ മുഖ്യമന്ത്രി നിർവഹിച്ചിരുന്നു. ജില്ലയിലെ മാരാരിക്കുളം, ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല, തോപ്രാംകുടി, കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ എന്നീ നാലു സബ് രജിസ്ട്രാർ ഓഫീസുകളുടെ പ്രവർത്തനോദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിക്കുന്നത്. മാനന്തവാടി, തൃപ്രയാർ എന്നീ സബ് രജിസ്‌ട്രാർ ഓഫീസുകളുടെ നിർമ്മാണോദ്ഘാടനവും നിർവഹിക്കും. മന്ത്രി ജി.സുധാകരൻ അദ്ധ്യക്ഷത വഹിക്കും. നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാകേഷ്‌കുമാർ സിംഗ്, രജിസ്‌ട്രേഷൻ ഐ.ജി കെ.ഇമ്പശേകർ എന്നിവരും പങ്കെടുക്കും. മന്ത്രി ഡോ. ടി.എം.തോമസ് ഐസക്, മന്ത്രി എം.എം.മണി, എം.എൽ.എ മാരായ റോഷി അഗസ്റ്റിൻ, ഗീതാഗോപി, പുരുഷൻ കടലുണ്ടി, ഒ.ആർ.കേളു എന്നിവർ പ്രാദേശിക ഉദ്ഘാടന പരിപാടികളിൾക്ക് നേതൃത്വം വഹിക്കുമെന്നും ജി.സുധാകരൻ അറിയിച്ചു.

--