ചേർത്തല:എസ്.എൻ.ഡി.പി യോഗം സർക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിച്ച് വളഞ്ഞവഴിയിലൂടെ നേതാവാകാമെന്നത് സാനുമാഷിന്റെ വ്യാമോഹം മാത്രമാണെന്ന് ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ കേന്ദ്രസമിതി ആരോപിച്ചു. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ 24 വർഷമായി സംഘടനയ്ക്ക് യാതൊരു നേട്ടങ്ങളും ഉണ്ടായിട്ടില്ലെന്ന് പറയുന്ന എം.കെ. സാനുമാഷ് സമുദായത്തിന് നൽകിയ സംഭാവന എന്താണെന്ന് വെളിപ്പെടുത്തണം. യോഗചരിത്രം പരിശോധിച്ചാൽ ഗുരുവിന്റെ കാലം മുതൽ ഇതുപോലുള്ള കുലംകുത്തികളെ കാണാം. ആർ .ശങ്കറിന്റെ കാലത്തിനുശേഷം രാഷ്ട്രീയാധികാരങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും തന്റെ നേതൃപാടവം കൊണ്ടുമാത്രം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ യോഗത്തിന് നേടിത്തന്നത് വെള്ളാപ്പള്ളി നടേശനാണെന്ന് സമുദായാംഗങ്ങൾക്ക് തിരിച്ചറിവുണ്ട്. രാഷ്ട്രീയ വനവാസത്തിലായ വി.എം. സുധീരന്റെ സമുദായ സ്‌നേഹവും അപാരമാണ്.
എസ്.എൻ.ഡി.പി യോഗത്തെയും നേതാക്കളെയും അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രചാരണം നടത്താൻ പെൻഷനേഴ്‌സ് കൗൺസിൽ കേന്ദ്ര എക്‌സിക്യുട്ടീവ് സമിതി തീരുമാനിച്ചു. പ്രസിഡന്റ് ജി.ചന്തു അദ്ധ്യക്ഷനായി. വീഡിയോ കോൺഫറൻസിൽ കൂടിയ യോഗത്തിൽ കോ-ഓർഡിനേറ്റർ പി.വി. രജിമോൻ,കൗൺസിൽ സെക്രട്ടറി കെ.എം. സജീവ്, വൈസ് പ്രസിഡന്റുമാരായ ഡോ.കെ.സോമൻ, ഡോ. അനിത ശങ്കർ, വേണുഗോപാൽ, ഐ.ആർ.എസ് ( റിട്ട.) ജോയിന്റ് സെക്രട്ടറിമാരായ പൊന്നുരുന്നി ഉമേശ്വരൻ, സോമൻ പ്രദീപ്കുമാർ, രഘുവരൻ, സത്യൻ, അശോകൻ, കൗൺസിൽ ട്രഷറർ ഡോ. ബോസ്, ആയിഷ രാധാകൃഷ്ണൻ, ജയകുമാർ എന്നിവർ പങ്കെടുത്തു.