പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്തിൽ ഇന്നലെ രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നാട് ആശങ്കയിലായി. എഴുപുന്നയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പൂച്ചാക്കൽ സ്വദേശിനിക്ക് രോഗം സ്ഥിതീകരിച്ചതോടെ, അവർ ആദ്യം ചികിത്സ തേടിയ പൂച്ചാക്കലെ രണ്ടു സ്വകാര്യ ആശുപത്രികൾ അടച്ചുപൂട്ടുകയും ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെയുള്ളവർ ക്വാറന്റൈനിലുമായി.
രോഗിയുമായി ബന്ധപ്പെട്ട 54 പേരുടെ സമ്പർക്കപ്പട്ടിക പുറത്തു വന്നതോടെ പൂച്ചാക്കൽ വടക്കെ കരയിലുള്ളവർ പരിഭ്രാന്തിയിലാണ്. 17-ാം വാർഡിലും ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ ജാഗ്രത സമിതികൾ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. എട്ടാം വാർഡിൽ ക്വാറന്റൈനിലായിരുന്ന ആളിന്റെ പരിശോധനാഫലം ഇന്ന് കിട്ടും.
പാണാവള്ളിയിൽ നിന്നു പെരുമ്പളത്തേക്കും, തവണക്കടവിൽ നിന്നു വൈക്കത്തേക്കുമുള്ള ബോട്ട് ഗതാഗതം നിറുത്തിവച്ചു. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന ചേർത്തല താലൂക്കിലെ വടക്ക്, കിഴക്കൻ മേഖലകളിലുള്ള അഞ്ചു പഞ്ചായത്തുകളിലും പ്രധാന റോഡുകളെല്ലാം ഇന്നലെ ഉച്ചയോടെ അടച്ചു.
പാണാവള്ളിയിൽ പഞ്ചായത്തുതല ജാഗ്രത സമിതി പ്രസിഡന്റ് പ്രദീപ് കൂട്ടക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടി കരുതൽ നടപടികൾക്ക് രൂപം നൽകി. ക്വാറന്റൈൻ വീടുകളിൽ ആരോഗ്യ വകുപ്പിന്റെ സ്റ്റിക്കറുകൾ പതിക്കും. മരുന്നും ഭക്ഷണവും ആവശ്യമെങ്കിൽ എത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പാണാവള്ളി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ.അരുൺ മിത്ര, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.സുശീലൻ, ഹെൽത്ത് ഇൻസ്പെക്ടർ ജയകുമാർ, വില്ലേജ് ഓഫീസർ ഹാരീസ്, പഞ്ചായത്തംഗങ്ങളായ അഡ്വ. എസ്.രാജേഷ്, രാജേഷ് വിവേകാനന്ദ തുടങ്ങിയവർ സംസാരിച്ചു.