ചേർത്തല: മുഴുവൻ ജീവനക്കാരെയും ക്വാറന്റൈനിലാക്കി താലൂക്കാശുപത്രി അടച്ചിടുന്ന സ്ഥിതിയിലേയ്ക്ക് ചേർത്തലയിൽ കൊവിഡ് പരിഭ്രാന്തി എത്തിയത് അധികൃതരുടെ അപക്വമായ നടപടി മൂലമെന്ന് ആക്ഷേപം.
രോഗ വ്യാപനത്തെ തുടർന്ന് മറ്റ് സർക്കാർ ആശുപത്രികളിൽ ജീവനക്കാർക്ക് ജോലിയിൽ എത്തുന്നതിന് ത്രീടെയർ ക്രമീകരണം എർപ്പെടുത്തിയിരുന്നെങ്കിലും ഇവിടെ നടപ്പായില്ല. മുഴുവൻ ജീവനക്കാരും എല്ലാ ദിവസങ്ങളിലും ജോലിക്ക് എത്തുന്ന തരത്തിലുള്ള ക്രമീകരണമായിരുന്നു ഇവിടെ. ഇതാണ് 251ജീവനക്കാരും ഒന്നിച്ച് ക്വാറന്റൈനിൽ പോകേണ്ട സ്ഥിതി വന്നത്. താലൂക്കിലെ തീരമേഖലയിൽ കഴിയുന്നവർ ഉൾപ്പെടെ ആശ്രയിച്ചിരുന്ന ആതുരാലയമാണിത്. രോഗ വ്യാപനത്തെ തുടർന്ന് കൊവിഡ് ചികിത്സയ്ക്കായി പ്രത്യേക വാർഡും ആശുപത്രിയിൽ ക്രമീകരിച്ചിരുന്നു. ഒന്ന്, രണ്ട് വാർഡുകളിലായി 60 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. നഗരസഭ കൊവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങുന്നതിനായി 10ലക്ഷം രൂപ നൽകിയിരുന്നെങ്കിലും ജീവനക്കാർക്ക് അടക്കം മതിയായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലെന്ന് പരാതിയുണ്ട്.