ആലപ്പുുഴ: കൊവിഡ് രോഗവ്യാപന നിയന്ത്രണവും പ്രതിരോധ പ്രവർത്തനങ്ങളും ഫലപ്രദമായി ജില്ലയിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെ കൂടാതെ അദ്ധ്യാപകരെ കൂടി നിയോഗിക്കാൻ കളക്ടർ എ. അലക്‌സാണ്ടർ ഉത്തരവിട്ടു. ജില്ലയിലെ വിവിധ മുനിസിപ്പൽ, പഞ്ചായത്ത് പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്കാണ് അദ്ധ്യാപകരെ നിയമിച്ചിട്ടുള്ളത്. ഉത്തരവുപ്രകാരം നിയോഗിച്ച ജീവനക്കാർ പറഞ്ഞിട്ടുള്ള പി.എച്ച്.സികളിൽ ഇന്ന് ഹാജരാകണം. ജീവനക്കാർ ഹാജരായ വിവരം ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ, ഡി.എം.ഒ മുഖേന കളക്ടറേറ്റിൽ അറിയിക്കണം.

ഇവർ അതത് സമയങ്ങളിൽ ലഭിക്കുന്ന സർക്കാർ ഉത്തരവിന് അനുസൃതമായി കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നിർവഹിക്കണം. 190 പേരെ പഞ്ചായത്തുകളിലെ പി.എച്ച്.സികളിലും 30 പേരെ നഗരസഭകളിലെ പി.എച്ച്.സികളിലുമാണ് നിയോഗിച്ചത്. ഉത്തരവ് പാലിക്കാത്ത ജീവനക്കാർക്കെതിരെ ദുരന്തനിവാരണ നിയമം പ്രകാരം നടപടി എടുക്കും. എല്ലാ സി.എച്ച്.സികളിലും മൂന്ന് ജീവനക്കാരെ വീതം നിയോഗിച്ച് ഉത്തരവായിട്ടുണ്ട്. കൂടാതെ പഞ്ചായത്തിലെ എല്ലാ വാർഡ് തല ജാഗ്രതാ സമിതികളും ശക്തിപ്പെടുത്തുന്നതിന് അദ്ധ്യാപകരെ നിയോഗിക്കാനും തീരുമാനിച്ചു.

 ജാഗ്രത വേണം

ജില്ലയിൽ കൊവിഡ് വ്യാപനം തടയാൻ ശക്തമായ നടപടികൾ എടുക്കുകയാണെന്നതിനാൽ ആളുകൾ കൂടുതൽ ജാഗ്രത പുലർത്തണം. മാർക്കറ്റുകളിൽ ഇരട്ടി ശ്രദ്ധ ഉണ്ടാകണം. ആൾക്കൂട്ടം പാടില്ല. അനാവശ്യ യാത്ര ഒഴിവാക്കണം. നിർബന്ധമായും മാസ്‌ക് ധരിക്കണം. ശാരീരിക അകലം പാലിക്കാൻ ശ്രദ്ധിക്കണം. കൊവിഡ് രോഗികളുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കം ഉണ്ടായിട്ടുള്ളവർ കൊവിഡ് കൺട്രോൾ റൂമിൽ അറിയിക്കേണ്ടതാണ്ക്കണം. ഫോൺ 0477 2239999.

 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻററുകൾ

കൊവിഡ് രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായി നാല് സ്വകാര്യ ആശുപത്രികളെ തിരഞ്ഞെടുത്തു. മാവേലിക്കര പി.എം ഹോസ്പിറ്റൽ, ചെങ്ങന്നൂർ സെഞ്ച്വറി ഹോസ്പിറ്റൽ, കാർത്തികപ്പള്ളി മാധവ ഹോസ്പിറ്റൽ, ജെം ഹോസ്പിറ്റൽ എന്നിവയാണ് ഏറ്റെടുക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് നടപടി.