മാവേലിക്കര: അറുനൂറ്റിമംഗലം സർവീസ് സഹകരണ ബാങ്കിനെതിരെ പ്രചരിപ്പിക്കുന്ന വാർത്തകൾ വ്യാജമെന്ന് ബാങ്ക് പ്രസിഡന്റ് ജയകുമാർ പാറപ്പുറം പ്രസ്താവനയിൽ പറഞ്ഞു.
മുൻ സെക്രട്ടറി ബാങ്കിൽ നടത്തിയ ക്രമക്കേട് ഭരണസമിതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുൻ സെക്രട്ടറിയെ സസ്പെൻഡ് ചെയ്യുകയും സഹകരണ നിയമം 65 പ്രകാരം അന്വേഷണം നടത്തി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സർവീസിൽ നിന്നു പിരിച്ചുവിടുകയും ചെയ്തിരുന്നു. ബാങ്കിന് നഷ്ടപ്പെട്ട മുഴുവൻ തുകയും ഈടാക്കാൻ ഭരണസമിതിയും സഹകരണ വകുപ്പും നടപടികൾ ആരംഭിച്ചിട്ടുണ്ട്. വ്യാജപ്രചാരണങ്ങൾ നടത്തുന്നത് ബാങ്കിനെ തകർക്കാനാണ്. വായ്പ അനുവദിക്കുന്നതിനോ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനോ നിലവിൽ ബാങ്കിന് ഒരു തടസവുമില്ല. ഇത്തരം പ്രചാരണങ്ങൾ സഹകാരികൾ തള്ളിക്കളയണമെന്നും ബാങ്കിന്റെ പ്രവർത്തനം സുതാര്യവും സുഗമവുമായി നടക്കുന്നുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.
കള്ളപ്രചാരണം ചെറുക്കും
മാവേലിക്കര: സി.പി.എം ഭരണസമിതിയുടെ നേതൃത്വത്തിലുള്ള അറുനൂറ്റിമംഗലം സർവീസ് സഹകരണ ബാങ്കിനെ തകർക്കാനുള്ള ഗൂഢാലോചന ചെറുത്തു തോൽപ്പിക്കുമെന്ന് സി.പി.എം മാങ്കാംകുഴി ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ബാങ്കിന്റെ ഒരു ഇടപാടുകൾക്കും സഹകരിക്കാത്ത ചിലർ സ്ഥാപനത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് നടത്തുന്നത്. സെക്രട്ടറിയുടെ മാതാവിന്റെ പേരിൽ വ്യാജ പരാതി നൽകി ജാതി സ്പർദ്ധ ഉണ്ടാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ബാങ്കിനെ സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഇന്നത്തെ നിലയിൽ ഉയർത്തിയത്. വ്യാജ പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളയണമെന്നും സി.പി.എം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.