ചേർത്തല:രോഗികളുടെ എണ്ണം വർദ്ധിക്കുകയും സമ്പർക്ക പട്ടിക സങ്കീർണമാകുകയും ചെയ്തതോടെ കൊവിഡ് രോഗവ്യാപന ഭീതിയിലാണ് ചേർത്തല താലൂക്ക്. ഇന്നലെ മാത്രം ഏഴു പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
ഒരാഴ്ചയ്ക്കിടെ താലൂക്കിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 93 കടന്നു.ഇവരുടെ സമ്പർക്ക പട്ടികയിലുൾപ്പെട്ട 600 ഓളം പേരുടെ പരിശോധന ആരംഭിച്ചു. ഇത് പൂർത്തിയാകുമ്പോഴേ രോഗ വ്യാപനത്തിന്റെ വ്യാപ്തി വ്യക്തമാകുകയുള്ളു.താലൂക്ക്
ആശുപത്രിയിൽ ഇതുവരെ ഡോക്ടർ ഉൾപ്പെടെ 13 പേർക്കാണ് രോഗം കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അടച്ചു. ജീവനക്കാരുടെയും സമ്പർക്കമുണ്ടായവരുടെയും സ്രവ പരിശോധന തുടങ്ങി.എഴുപുന്നയിലും പള്ളിത്തോട്ടിലുമായി ഇതുവരെ 72 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
താലൂക്കിന്റെ എല്ലാ ഭാഗങ്ങളിലും രോഗികളായി. സമ്പർക്കമുണ്ടായവരുടെ പരിശോധന പൂർത്തിയാക്കാൻ ഒരാഴ്ചയോളം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. മാരാരിക്കുളം വടക്ക്,ചേർത്തല തെക്ക്, കടക്കരപ്പള്ളി,പട്ടണക്കാട്,തുറവൂർ,കുത്തിയതോട്,കോടംതുരുത്ത് പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞു. അഞ്ചു കിലോ സൗജന്യ റേഷൻ ഇവിടങ്ങളിൽ അനുവദിച്ചിട്ടുണ്ട്.