ചാരുംമൂട്: ലാർജ്, ക്ലസ്റ്റർ കണ്ടെയ്ൻമെന്റ് സോണുകളായ താമരക്കുളം, നൂറനാട്,പാലമേൽ പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ്. കൊവിഡ് വ്യാപനമുണ്ടായ നൂറനാട് ഐ.ടി.ബി.പി ക്യാമ്പിൽ പരിശോധനാഫലം നെഗറ്റീവ് ആയ 38 പേരെ ക്യാമ്പിൽ നിന്ന് മാറ്റി.
ഇന്നലെയാണ് ഇവരെ ക്യാമ്പിൽ നിന്നു സമീപ പ്രദേശങ്ങളിലുള്ള സ്വകാര്യ കോളേജുകളിൽ ക്വാറന്റൈനിലാക്കിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പിലെത്തി ശനിയാഴ്ച സാമ്പിൾ ശേഖരിച്ച 118 ഉദ്യോഗസ്ഥരുടെ പരിശോധനാ ഫലം വരാനുണ്ട്. താമരക്കുളം,നൂറനാട്, പാലമേൽ പഞ്ചായത്ത് പ്രസിഡന്റുമാരും നൂറനാട് സി.ഐ വി.ആർ. ജഗദീഷും പങ്കെടുത്ത അവലോകന യോഗം സ്ഥിതിഗതികൾ വിലയിരുത്തി. കെ.പി റോഡും, ദേശീയ പാതയും അടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ മൂന്ന് പഞ്ചായത്തുകളിലേക്കും പ്രവേശിക്കുന്ന മറ്റ് റോഡുകൾ അടച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ അനൗൺസ് ചെയ്ത് പൊതുജനങ്ങളെ അറിയിച്ചു. പ്രദേശത്ത് പോലീസിന്റെ നിരീക്ഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്. കണ്ടൈൻമെന്റ് സോണുകളിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ
കേസെടുക്കാനുള്ള കളക്ടറുടെ ഉത്തരവ് കർശനമായി നടപ്പാക്കുമെന്ന് സി.ഐ പറഞ്ഞു.