ചേർത്തല:കൊവിഡ് വ്യാപനത്തെ തുടർന്ന് മുതിർന്ന പൗരൻമാരുടെയും കുട്ടികളുടെയും ഗർഭിണികളുടെയും ആരോഗ്യ സുരക്ഷയ്ക്കായി റിവേഴ്‌സ് ക്വാറന്റൈൻ സെന്റർ തുറന്നും ടെലി മെഡിസിൻ സംവിധാനത്തോടെയുള്ള ചികിത്സ പദ്ധതിക്ക് തുടക്കം കുറിച്ചും തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്.
താലൂക്ക് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ തണ്ണീർമുക്കത്ത് മൂന്ന് പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്.ചേർത്തല താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാരും വിദേശത്ത് നിന്ന് എത്തിയ കരിക്കാട് സ്വദേശിക്കുമാണ് കൊവിഡ് പോസിറ്റിവായത്.മൂന്ന് കേന്ദ്രങ്ങളും അണുവിമുക്തമാക്കിയതോടൊപ്പം പ്രതിരോധ പ്രവർത്തനങ്ങളും തുടങ്ങി.ആയുർവേദ, ഹോമിയോ പ്രതിരോധ മരുന്നുകളുടെ വിതരണവും നടന്നു.
കൊവിഡ് റിപ്പാർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ 94 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. പഞ്ചായത്തിൽ ജില്ലാ പൊലീസ് മേധാവി പി.എസ്.സാബുവിന്റെ നേതൃത്വത്തിൽ മുഴുവൻ വഴികളും പൊലീസ് പൂർണ നിയന്ത്റണത്തിലാക്കിയതോടൊപ്പം തണ്ണീർമുക്കം ബണ്ട് വഴി കോട്ടയത്തേക്കുള്ള പ്രവേശന കവാടവും അടച്ചു.പൊലീസ് താത്കാലിക ഔട്ട് പോസ്റ്റും സ്ഥാപിച്ചു.രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ മരുത്തോർവട്ടത്ത് പുതിയ കൊവിഡ് സെന്റർ തുറക്കുമെന്ന് പ്രസിഡന്റ് പി.എസ്.ജ്യോതിസ് പറഞ്ഞു.