ചേർത്തല:കണിച്ചു കുളങ്ങര ദേവസ്വത്തിനും പ്രസിഡന്റ് വെള്ളാപ്പള്ളി നടേശനും എതിരെ നുണ പ്രചാരണങ്ങൾ നടക്കുന്നതിൽ ദേവസ്വം കമ്മ​റ്റി പ്രതിഷേധിച്ചു.

വെള്ളാപ്പള്ളി നടേശനെയും തുഷാർ വെള്ളാപ്പള്ളിയേയും വ്യക്തിഹത്യ ചെയ്ത് എസ്.എൻ.ഡി.പി യോഗത്തെയും സമുദായത്തെയും തകർക്കാൻ ചില പ്രതിലോമ ശക്തികൾ നടത്തിയ കുത്സിത ശ്രമമാണ് നവ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്.ഇത് പച്ചക്കള്ളമാണ്.മഹേശന്റെ കുറിപ്പ് എന്ന നിലയിൽ പ്രചരിക്കുന്ന കത്തിലെ വിഷയങ്ങൾ ദേവസ്വം കമ്മിറ്റി വിശദമായി പരിശോധന നടത്തിയപ്പോൾ അവയെല്ലാം വ്യാജ നിർമ്മിതിയാണെന്ന് കണ്ടെത്തി.കണിച്ചു കുളങ്ങര ദേവസ്വത്തിനും വെള്ളാപ്പള്ളിക്കും എതിരെ നടന്ന ഗൂഢാലോചനയാണിത്. പിന്നിൽ പ്രവർത്തിച്ച ശക്തികൾ ആരാണെന്ന് കാലം തെളിയിക്കും.നുണ പ്രചാരണങ്ങൾക്ക് ഇടയാക്കിയ കാരണവും വൈകാതെ തെളിയും. കഴിഞ്ഞ 55 വർഷമായി കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ വെളളാപ്പള്ളിയുടെ നേതൃത്വത്തിൽ സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങളാണ് നടക്കുന്നത്.ഹയർ സെക്കൻഡറി സ്‌കൂൾ,വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ഉൾപ്പെടെ 4 സ്‌കൂളുകളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. മ​റ്റ് ആരാധനാലയങ്ങളിൽ കാണാഞ്ഞ ജീവകാരുണ്യ പ്രവർത്തനമാണ് കണിച്ചുകുളങ്ങരയിൽ കാലങ്ങളായി വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ നടക്കുന്നത്.ഇതെല്ലാം കാണുന്ന പൊതു സമൂഹം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പുച്ഛിച്ച് തള്ളുമെന്നതിൽ തർക്കമില്ല.വെള്ളാപ്പള്ളിയെ തളർത്തി സമുദായത്തെ തകർക്കാൻ ലക്ഷ്യമിടുന്നവരാണ് വ്യാജ നിർമ്മിതിക്ക് പിന്നിലുളളത്.വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടത്തുന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് ദേവസ്വം കമ്മി​റ്റിയുടെ പൂർണ പിന്തുണയുണ്ട്. ദേവസ്വത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് അന്വേഷണം നടത്തണം. വ്യാജ നിർമ്മിതികളുടെ സ്‌പോൺസർമാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ദേവസ്വം അറിയിച്ചു.ജോയിന്റ് സെക്രട്ടറി വി.കെ.മോഹനദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.ധനേശൻ പൊഴിക്കൽ, ട്രഷററുടെ ചുമതല വഹിക്കുന്ന കെ.വി.കമലാസനൻ,സ്‌കൂൾ മാനേജർ ഡി.രാധാകൃഷ്ണൻ,കമ്മി​റ്റി അംഗങ്ങളായ സ്വാമിനാഥൻ ചള്ളിയിൽ,അനിൽ ബാബു,എം.പീതാംബരൻ,സ്‌കൂൾ കമ്മി​റ്റി അംഗങ്ങളായ വിജയൻ,പി.പ്രകാശൻ,പി.ശിവാനന്ദൻ എന്നിവർ സംസാരിച്ചു.