ചേർത്തല:കൊവിഡ് സമൂഹവ്യാപന സാദ്ധ്യത കണക്കിലെടുത്തു താലൂക്കിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ കർശന നടപടികളുമായി പൊലീസ്. ശനിയാഴ്ച രാത്രി തന്നെ താലൂക്ക് അതിർത്തികൾ അടച്ചിരുന്നു.ഇതിനൊപ്പം പ്രധാന റോഡുകളിലേക്കെത്തുന്ന ഗ്രാമീണ റോഡുകളും പൊലീസ് അടച്ചു.
ചേർത്തല നഗരത്തിലേക്ക് പ്രവേശിക്കാനുള്ള ഏക മാർഗം എക്സറേ ജംഗഷനാണ്. പടിഞ്ഞാറൻ ഭാഗത്തേക്ക് അത്യാവശ്യങ്ങൾക്ക് അനുമതിയോടെ പോകാനുള്ളവർക്ക് പൊലീസ് സ്റ്റേഷന് മുന്നിലെ റോഡ് വഴി ആഞ്ഞിലിപ്പാലം റോഡ് വഴി അനുമതി നൽകും. രാവിലെ പലേടത്തും പൊലീസ് തടഞ്ഞതിന്റെ പേരിൽ തർക്കങ്ങളുണ്ടായെങ്കിലും അനുനയത്തിലൂടെ ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.തണ്ണീർമുക്കം അതിർത്തിയിൽ വാഹനങ്ങൾ തടഞ്ഞതായിരുന്നു തർക്കങ്ങൾക്ക് വഴിതുറന്നത്.
ജില്ലാ പൊലീസ് ചീഫ് പി.എസ്.സാബുവും ഡിവൈ.എസ്.പി കെ.സുഭാഷും താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.ലോക്ക് ഡൗണിന്റെ ആദ്യ ദിനം ഞായറാഴ്ചയായിരുന്നതിനാൽ നിയന്ത്റണങ്ങൾ ഫലവത്തായിരുന്നു.നടപടി കർക്കശമാക്കുന്നതോടെ ലംഘിക്കുന്നവർക്കെതിരെ കേസെടുത്തു തുടങ്ങും.
12 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച് അടച്ചിട്ട താലൂക്ക് ആശുപത്രിയും പരിസരവും, കൊവിഡ് രോഗി നിരവധി പേരുമായി സമ്പർക്കം പുലർത്തിയ തണ്ണീർമുക്കം, വയലാർ തുടങ്ങിയ ലുംഅഗ്നിശമനസേനയും ജനപ്രതിനിധികളും ചേർന്ന് അണുനശീകരണം നടത്തി.വടക്കൻ മേഖലകളിലും അണുനശീകരണ ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
താലൂക്കിലെ അവശ്യ സർക്കാർ ഓഫീസുകൾ ചുരുക്കം ജീവനക്കാരുമായി പ്രവർത്തിക്കും.എന്നാൽ പൊതുജനങ്ങൾക്ക് സേവനം ലഭിക്കില്ല.ഇത്തരത്തിലുള്ള ക്രമീകരണം തന്നെയാണ് ബാങ്കുകളിലും. ഇതിനുള്ള നിർദ്ദേശങ്ങൾ നൽകിയതായി തഹസിൽദാർ ആർ.ഉഷ പറഞ്ഞു.
അത്യാഹിത വിഭാഗവും അടച്ചു
12പേർക്ക് കൊവിഡ് സ്ഥിരീകരിച്ച താലൂക്ക് ആശുപത്രിയിൽ സ്ഥിതിഗതികൾ സങ്കീർണമായ സാഹചര്യത്തിൽ അത്യാഹിത വിഭാഗവും അടച്ചു.ആദ്യം അത്യാഹിത വിഭാഗം ഒഴിച്ചിട്ടിരുന്നു.നിലവിൽ ഡയാലിസിസ് യൂണിറ്റു മാത്രമായിരിക്കും പ്രവർത്തിക്കുകയെന്ന് മുനിസിപ്പൽ ചെയർമാൻ വി.ടി.ജോസഫ് അറിയിച്ചു.
കൺട്രോൾ റൂം തുറന്നു
കൊവിഡ് വ്യാപന ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ചേർത്തലയിൽ പൊലീസ് കൺട്രോൾ റൂം തുറന്നു. പൊലീസ് സ്റ്റേഷനിലും ഡിവൈ.എസ്.പി ഓഫീസിലുമാണ് ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയത്.ബൈക്കുകളിൽ കറങ്ങി നടക്കുന്നവരെ പിടികൂടും.ചേർത്തല തണ്ണീർമുക്കം റോഡ് പൂർണമായി അടച്ചു.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുപോകുന്നതിന് മാത്രമേ വാഹനം കടത്തിവിടുകയുള്ളു.മരുന്നുകളടക്കമുള്ള അവശ്യ സാധനങ്ങൾ ആവശ്യമുള്ളവർക്ക് ബന്ധപ്പെട്ടാൽ സേവനം ലഭ്യമാകും.പൊലീസ് ആരോഗ്യ, സന്നദ്ധ സേന അംഗങ്ങൾ ഇവ വീടുകളിൽ എത്തിച്ച് നൽകും. എല്ലാ വാർഡുകളിലും വാളണ്ടിയർമാരെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഫോൺ:04782821205, 9497931449.