തോട്ടപ്പള്ളിയിൽ എ.ടി.എം കൗണ്ടറില്ലാത്തത് വലയ്ക്കുന്നു
ആലപ്പുഴ: നിരവധി കച്ചവട സ്ഥാപനങ്ങൾ, വിദേശമദ്യ വില്പനശാല, ഹാർബർ, തീരദേശ പൊലീസ് സ്റ്റേഷൻ, കെ.എസ്.ഇ.ബി ഓഫീസ്, ലാഭം സ്റ്റോർ... ഇവയൊക്കെയുള്ള തോട്ടപ്പള്ളിയിൽ ഒരു എ.ടി.എം ഇല്ലാത്തത് വലിയ തലവേദനയാവുന്നു. അഞ്ചര കലോമീറ്റർ വടക്ക് പുറക്കാട്ട് എസ്.ബി.ഐയുടെ ഒരു എ.ടി.എം ഉണ്ട്; ഇതാവട്ടെ പലപ്പോഴും പ്രവർത്തനരഹിതം. പിന്നീടുള്ളത് അഞ്ചു കിലോമീറ്ററോളം തെക്ക് കരുവാറ്റ വഴിയമ്പലത്തിലും ടി.ബി ജംഗ്ഷനു സമീപവും. അതുകൊണ്ടുതന്നെ തോട്ടപ്പള്ളിയിൽ ഏതെങ്കിലുമൊരു ബാങ്കിന്റെ എ.ടി.എം വേണമെന്ന നാടിന്റെ ആവശ്യം അവഗണിക്കാനാവില്ല.
പഞ്ചായത്ത് സൗകര്യം ഒരുക്കിയിട്ടും എ.ടി.എം കൗണ്ടർ സ്ഥാപിക്കാൻ ബാങ്കുകൾ തയ്യാറാവാത്തതാണ് പ്രശ്നം.
ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ ഉള്ളവർക്ക് ദേശീയപാതയിലേക്ക് വേഗം എത്തിച്ചേരാൻ കഴിയുന്നത് തോട്ടപ്പള്ളി ജംഗ്ഷനിലാണ്. പുറക്കാട് പഞ്ചായത്തിന്റെ തെക്കൻ പ്രദേശത്തുള്ളവരും തോട്ടപ്പള്ളി ജംഗ്ഷനിൽ എത്തിയാണ് മറ്റ് പ്രദേശങ്ങളിലേക്ക് പോകുന്നത്. കെ.എസ്.ആർ.ടി.സിയുടെ ഭൂരിഭാഗം ബസുകൾക്കും സ്റ്റോപ്പുള്ള പ്രധാന കേന്ദ്രം കൂടിയാണ് തോട്ടപ്പള്ളി.
മുറിയൊരുക്കി പഞ്ചായത്ത്
സ്വകാര്യ വ്യക്തികളുടെ കെട്ടിടം ലഭിക്കാതെ വന്നതിനാൽ പുറക്കാട് ഗ്രാമപഞ്ചായത്ത് മുൻകൈ എടുത്ത് ദേശീയപാതയോട് ചേർന്ന് തോട്ടപ്പള്ളിയിലെ ഉൾനാടൻ മത്സ്യത്തൊഴിലാളി ലേലഹാളിന്റെ ഒരുഭാഗം എ.ടി.എമ്മിനായി സജ്ജമാക്കിയിട്ട് രണ്ട് വർഷം കഴിഞ്ഞു. എന്നിട്ടും ബാങ്ക് അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. തോട്ടപ്പള്ളിയിൽ എ.ടി.എം കൗണ്ടർ പ്രവർത്തിപ്പിക്കാൻ ലീഡ് ബാങ്ക് യോഗം നേരത്തെ തീരുമാനിച്ചിരുന്നതാണ്. ജില്ലാ സഹകരണ ബാങ്കിന്റെ ശാഖ തോട്ടപ്പള്ളിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവിടെയും എ.ടി.എം കൗണ്ടർ സ്ഥാപിച്ചിട്ടില്ല.
..........................
അടുത്ത പഞ്ചയത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്ത്, തോട്ടപ്പള്ളിയിൽ എ.ടി.എം കൗണ്ടർ സ്ഥാപിക്കാൻ ജില്ലാ ലീഡ് ബാങ്കിനോട് ആവശ്യപ്പെടും
റഹ്മത്ത് ഹാമീദ്, പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത്, പുറക്കാട്.