പൊതുമേഖലയെ തഴയുന്നത് സ്വകാര്യ കമ്പനികൾക്കു വേണ്ടി
ആലപ്പുഴ മെഡി. ആശുപത്രിയിൽ കമ്മിഷൻ കളികൾ
ആലപ്പുഴ: ശസ്ത്രക്രിയയിലൂടെ ശരീരത്തിനുള്ളിൽ ഘടിപ്പിക്കുന്ന ഉപകരണങ്ങൾ (ഇംപ്ളാന്റുകൾ) വാങ്ങിയ വകയിൽ 2.5 കോടി രൂപ കുടിശികയുള്ളതിനാൽ ആലപ്പുഴ മെഡി. ആശുപത്രിയിലേക്ക് ഇംപ്ളാന്റുകൾ നൽകുന്നത് നിറുത്തിവയ്ക്കാൻ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡ് (എച്ച്.എൽ.എൽ) ഒരുങ്ങുന്നു. സ്വകാര്യ മേഖലയെക്കാൾ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ഇംപ്ളാന്റുകൾ നൽകുന്ന എച്ച്.എൽ.എല്ലിനെ, കുടിശിക വരുത്തി ഒഴിവാക്കാനുള്ള ഗൂഢനീക്കമാണ് അണിയറയിൽ നടക്കുന്നതെന്ന് ആരോപണമുണ്ട്. ഒരു മാസത്തിനുള്ളിൽ തുക നൽകണമെന്നാണ് എച്ച്.എൽ.എൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വകാര്യ കമ്പനികൾ വൻ കമ്മിഷനാണ് ഇംപ്ളാന്റ് ഇടപാടിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് കൈമാറുന്നത്. എച്ച്.എൽ.എല്ലുമായുള്ള കൈമാറ്റത്തിൽ കമ്മിഷൻ ഇല്ലാത്തതാണ് ഒഴിവാക്കാനുള്ള നീക്കത്തിന് പിന്നിൽ. എന്നാൽ, കുടിശിക തുക കിട്ടിയ ശേഷം മാത്രം ഇംപ്ളാന്റ് വിതരണം പുനരാരംഭിച്ചാൽ മതിയെന്നാണ് എച്ച്.എൽ.എൽ നിലപാട്.
നിലവിൽ സ്വകാര്യ ഏജൻസികളിൽ നിന്നാണ് മെഡി. ആശുപത്രിയിലേക്ക് ആവശ്യമായ ഇംപ്ളാന്റുകൾ വാങ്ങുന്നത്.
ആരോഗ്യ ഇൻഷ്വുറൻസ് തുക ചെലവഴിച്ചതിലും ക്രമവിരുദ്ധമായ പർച്ചേസിംഗ് നടത്തിയതിലും വിജിലൻസ് അന്വേഷണം നടക്കുകയാണ്. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങുന്ന ഇംപ്ളാന്റിന്റെ തുക ആശുപത്രിയിൽ നിന്ന് കൃത്യമായി നൽകുന്നുമുണ്ട്. ആരോഗ്യ ഇൻഷ്വറൻസ് പരിധിയിലുള്ളവർക്ക് കൈയിൽ നിന്ന് തുക ചെലവാകില്ലെങ്കിലും മറ്റുള്ള രോഗികൾ ഭീമമായ തുക അടിയന്തരമായി നൽകേണ്ടിവരും.
കാർഡിയോളജി,കാർഡിയോതെറാപ്പി, ഓർത്തോ എന്നീ വിഭാഗങ്ങളിലാണ് ഇംപ്‌ളാന്റ് കൂടുതലായി ഉപയോഗിക്കുന്നത്. 2017 മുതലുള്ള കുടിശികയാണ് എച്ച്.എൽ.എല്ലിന് നൽകാനുള്ളത്. തുക ആവശ്യപ്പെട്ട് പലതവണ ബില്ലും കത്തും നൽകിയെങ്കിലും അധികൃതർ ഗൗനിച്ചില്ല. ആശുപത്രി വളപ്പിൽ എച്ച്.എൽ.എൽ ഫാർമസി പ്രവർത്തിക്കുന്നുണ്ട്.
# ഇംപ്ളാന്റ് കളി
പ്രതിമാസംഎച്ച്.എൽ.എല്ലിൽ നിന്ന് വാങ്ങിയിരുന്നത് 20- 25ലക്ഷം രൂപയുടെ ഇംപ്‌ളാന്റ്
കൂടുതലും അസ്ഥിരോഗ വിഭാഗത്തിലേക്ക്
ആർ.എസ്.ബി.വൈ, കാരുണ്യ ആനുകൂല്യമുള്ളവർക്കാണ് എച്ച്.എൽ.എൽ ഇംപ്‌ളാന്റുകൾ
മറ്റുള്ളവരെ സ്വകാര്യ കമ്പനികളെ ആശ്രയിക്കാൻ ആവശ്യപ്പെടുന്നു
സ്വകാര്യ കമ്പനികളുടെ ഏജന്റുമാർ സദാസമയം ആശുപത്രിയിൽ
............................................
# കമ്മിഷൻ
സ്വകാര്യ സ്ഥാപനങ്ങൾ 5 മുതൽ 20 ശതമാനം വരെ കമ്മിഷൻ ഇംപ്‌ളാന്റ് വാങ്ങുമ്പോൾ അധികൃതർക്ക് നൽകാറുണ്ടത്രെ.
എച്ച്.എൽ.എൽ ഫാർമസിയിൽ കമ്മിഷൻ ഇടപാടില്ല
.........................
പൊതുമേഖല സ്ഥാപനത്തിൽ നിന്ന് ഇംപ്ളാന്റ് വാങ്ങിയതിന്റെ ബില്ല് ലഭിച്ചു. മൂന്ന് മാസത്തെ ബിൽ തുക ഉടൻ നൽകും. ശേഷിച്ച തുകയും വൈകില്ല
(ഡോ. ആർ.വി. രാംലാൽ, സൂപ്രണ്ട്,
മെഡി. ആശുപത്രി, ആലപ്പുഴ)