s

ആലപ്പുഴ: കളിചിരികളില്ലാതെ ആരോടും കൂട്ടുകൂടാതെ ഓൺലൈൻ ക്ലാസുകളിൽ മാത്രം മുഴുകുന്ന കുട്ടികളെ കാത്തിരിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. സ്കൂളുകളിൽ പോയുള്ള പഠനത്തിന് താത്കാലിക വിരാമമായതോടെ,ശാരീരിക, മാനസിക ആരോഗ്യത്തോടൊപ്പം സാമൂഹിക ആരോഗ്യവും കുട്ടികൾക്ക് നഷ്ടമാവുകയാണ്.

ദീർഘനേരം ടിവിക്കും കമ്പ്യൂട്ടറിനും മുന്നിലുള്ള ഇരിപ്പ്, വ്യായാമമില്ലായ്മ, അമിത ഭക്ഷണം മുതലായവ കുട്ടികളിൽ പൊണ്ണത്തടിക്ക് കാരണമായേക്കും. കൂട്ടുകാരെ കാണാനോ, ആശയവിനിമയം നടത്താനോ സാധിക്കാത്തതോടെ അവരുടെ മാനസികാരോഗ്യത്തിലും കുറവുണ്ടാകും. വിശേഷങ്ങൾ പങ്കു വച്ചും കളിച്ചും ചിരിച്ചും മാനസിക സമ്മർദ്ദങ്ങളിൽ നിന്നൊഴിവാകുന്ന അവസരമാണ് അവർക്ക് ഇപ്പോൾ നഷ്ടപ്പെടുന്നത്.

മാതാപിതാക്കൾ ഇരുവരും ജോലിക്കു പോകുന്ന വീടുകളിലാവട്ടെ കുട്ടികൾ പലപ്പോഴും ഏകാന്തതയിൽ മുങ്ങേണ്ടിവരും. ഇതിന് പ്രതിവിധിയായി മാനസിക ഉല്ലാസം വളർത്തുന്നതിനുള്ള പാഠ്യസംവിധാനം ഓൺലൈൻ സിലബസിൽ ഉൾപ്പെടുത്തുന്നത് പ്രയോജനം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. കായിക ഇനങ്ങളും, വീടുകളിലിരുന്ന് ചെയ്യാവുന്ന ചെറുവ്യായാമങ്ങളും പിരീഡുകളായി ഉൾപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. ഇത്തരം കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തേണ്ടതുമുണ്ട്. സ്കൂളിൽ എത്തി പഠിക്കുന്ന കാലയളവിൽ അക്കാഡമിക് വിദ്യാഭ്യാസത്തിനൊപ്പം, ശാരീരിക ഫിറ്റ്നെസും, മാനസിക ഉല്ലാസവും കുട്ടികളിൽ ഉറപ്പ് വരുത്തിയിരുന്നു. എന്നാൽ പുറത്തിറങ്ങിയുള്ള കളികൾ പോലും ഇല്ലാതായത് ഭാവിയിൽ പ്രമേഹം, രക്തസമ്മർദ്ദം, അമിത കൊഴുപ്പ് മുതലായ രോഗങ്ങളിലേക്ക് നയിച്ചേക്കാം.

കുട്ടികൾക്ക് വേണ്ടത്

വീട്ടിലിരുന്ന് ചെയ്യാവുന്ന ചെറു വ്യായാമങ്ങൾ ശീലിപ്പിക്കുക

ദിവസം ഒരു മണിക്കൂറെങ്കിലും ഓടിക്കളിക്കാൻ അനുവദിക്കുക

പറമ്പിൽ ഓടിക്കളിക്കുകയോ വീടിന്റെ പടികൾ കയറി ഇറങ്ങുകയോചെയ്യുക

മധുര പലഹാരങ്ങളും വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും ഒഴിവാക്കുക

........................................

സ്കൂൾ അന്തരീക്ഷത്തിൽ നിന്ന് പൂർണമായും വിട്ടു നിൽക്കുന്ന അവസരത്തിൽ കുട്ടികളിൽ ഏകാന്തതയും, ഒറ്റപ്പെടലും അനുഭവപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്. മാതാപിതാക്കൾ നിർബന്ധമായും കുട്ടികളെ ദിവസേന ഒരു മണിക്കൂറെങ്കിലും ഓടിക്കളിക്കാൻ പ്രേരിപ്പിക്കണം. മുറിക്കുള്ളിൽ മാത്രമുള്ള ഇരിപ്പ് ഭാവിയിൽ ജീവിത ശൈലീ രോഗങ്ങളിലേക്ക് നയിച്ചേക്കാം

ഡോ.ബി.പത്മകുമാർ, പ്രൊഫസർ ഒഫ് മെഡിസിൻ, മെഡിക്കൽ കോളേജ്,ആലപ്പുഴ