കായംകുളം: കൊവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ കൈവിട്ട കായംകുളം നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് 1200 പേരുടെ സ്രവപരിശോധനാ ഫലമെത്താൻ. കൊവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധനാ ഫലമാണ് അടുത്ത ദിവസങ്ങളിൽ അറിയുന്നത്.
ഇന്നലെ ഒരാൾക്ക് കൂടി ഇവിടെ രോഗം സ്ഥിരീകരിച്ചു. ഫലം ലഭിക്കുന്നതോടെ കൊവിഡ് രോഗപ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കേണ്ടിവരുമെന്ന നിഗമനത്തിലാണ് നഗരസഭാ അധികൃതർ.
കായംകുളം താലൂക്ക് ആശുപത്രിയിൽ ഇതുവരെ 3000 ഓളം പേരുടെ സ്രവ പരിശോധന നടത്തിക്കഴിഞ്ഞു. ജൂലൈ 5 ന് ശേഷം സാമ്പിൾ ശേഖരിച്ചിട്ടുള്ള 1000 ഓളം പേരുടെ ഫലമാണ് ലഭിക്കാനുള്ളത്. ഇത് വേഗത്തിൽ ലഭിക്കുന്നതിന് ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ നഗരസഭ ഏർപ്പെടുത്തി.
നഗരസഭയിലെ 1, 4, 5, 6, 8, 9, 12, 15, 18, 23, 28, 43 വാർഡുളകളിലുള്ളവർക്കാ ണ് നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ രോഗം സ്ഥിരീകരിച്ച 38 പേരിൽ നാലാം വാർഡിൽ ഒരു കുടുംബത്തിൽപ്പെ ട്ട 20 ഓളം ആളുകൾ ഉണ്ട്. വിദേശത്ത് നിന്നും എത്തിച്ചേർന്നവർ, പച്ചക്കറി വ്യാപാരിയും കുടുംബവും, ഫിഷ് മാർക്കറ്റ് കമ്മിഷൻ കടകളിലെ തൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളി, ഉന്തുവണ്ടിയിൽ പച്ചക്കറി വ്യാപാരം നടത്തുന്നവർ എന്നിവർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കണത്തിലുള്ളവർ ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ച് പുറത്തിറങ്ങി മറ്റുള്ളവരുമായി ഇടപഴകുന്നതും നിയമവിരുദ്ധമായി സംഘടിക്കുന്നതുമാണ് രോഗവ്യാപനം വർദ്ധിക്കാൻ കാരണമായത്.
ഇത്തരക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതിന് പൊലീസിന് നിർദ്ദേശം നൽകി.
ജാഗ്രതയില്ലെങ്കിൽ 144 വരും
രോഗ നിയന്ത്രണത്തിനായി ഏർപ്പെടുത്തിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ 144-ാം വകുപ്പ് പ്രഖ്യാപിക്കുന്നതിന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്വാറന്റൈനിൽ കഴിയുന്നവർക്ക് അവശ്യവസ്തുക്കളും മരുന്നും ലഭ്യമാക്കുന്നതിന് വാർഡ് ജാഗ്രതാ സമിതിയിലെ സന്നദ്ധപ്രവർത്തകരുടെ സേവനം ആവശ്യപ്പെടാം. കൂടാതെ പൊലീസ്, നഗരസഭ എന്നിവരുടെ സഹായവും ലഭിക്കും.
രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെയാണ് ഇപ്പോൾ പരിശോധിച്ചുകൊണ്ടിരിക്കുന്നത്. സമ്പർക്കപ്പട്ടികയിൽ ബാക്കി ഉള്ളവരുടെ പരിശോധന ഇതിന്റെ പിന്നാലെ നടക്കും.
പ്രാഥമിക കണക്കുകൾ അനുസരിച്ച് 1500 ഓളം പേരാണ് സമ്പർക്ക പ്പട്ടികയിൽ ഉള്ളത്.
........................
3000
കായംകുളം താലൂക്ക് ആശുപത്രിയിൽ ഇതുവരെ 3000 ഓളം പേരുടെ സ്രവ പരിശോധന നടത്തിക്കഴിഞ്ഞു
1000
സാമ്പിൾ ശേഖരിച്ചിട്ടുള്ള 1000 ഓളം പേരുടെ ഫലമാണ് ലഭിക്കാനുള്ളത്
1500
പ്രാഥമിക കണക്കുകൾ അനുസരിച്ച് 1500 ഓളം പേരാണ് സമ്പർക്ക പ്പട്ടികയിൽ ഉള്ളത്.