ആലപ്പുഴ: ദുരന്ത നിവാരണ നിയമങ്ങളും കൊവിഡ് പ്രോട്ടോക്കോളും ഏത് ഉന്നതൻ ലംഘിച്ചാലും നടപടി കൈക്കൊള്ളണമെന്ന് മന്ത്രി ജി.സുധാകരൻ പൊലീസിനോട് നിർദ്ദേശിച്ചു.ജനജീവിതം പ്രയാസ രഹിതമാക്കാനാണ് ലോക്ക് ഡൗൺ ഇളവുകൾ കൊണ്ട് സർക്കാർ ഉദ്ദേശിച്ചതെങ്കിലും സമൂഹത്തിലെ 10 ശതമാനം ആളുകൾ അതിനെ ദുരുപയോഗപ്പെടുത്തുന്ന സ്ഥിതിയുണ്ട്. മുന്നറിയിപ്പുകൾ നൽകിയിട്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും ഇവർ അനുസരിച്ചില്ല.

വിമാനത്താവളത്തിൽ നിന്നും റെയിൽവേ സ്​റ്റേഷനിൽ നിന്നും വീട്ടിൽ എത്തി ക്വാറന്റൈനിലിരിക്കാതെ കറങ്ങി നടന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെന്നിത്തലയിലുണ്ടായ സംഭവം ഉദാഹരണമാണ്. പഞ്ചായത്ത് മെമ്പർ കൺവീനറായുള്ള വാർഡ് തല കമ്മി​റ്റി ഇതൊന്നും അറിഞ്ഞതായി കാണുന്നില്ല. ആലപ്പുഴ വൈറോളജി ഇൻസ്​റ്റിട്യൂട്ടിലെ ഭാരിച്ച ജോലി കാരണം രോഗ നിർണയത്തിൽ കാലതാമസം നേരിടുന്നുണ്ട്. ആവശ്യമായ യന്ത്റങ്ങൾ ഉടനടി ലഭ്യമാക്കണമെന്ന് ജില്ല കളക്ടറോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ചേർത്തല താലൂക്ക് ആശുപത്രി

സൂപ്രണ്ട് വീഴ്ച വരുത്തി

ചേർത്തല താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ടിന്റെ ഗുരുതരമായ കൃത്യവിലോപവും പ്രൊഫഷന് വിരുദ്ധമായിട്ടുള്ള സമീപനവും കാരണം ഡോക്ടർമാരും നഴ്‌സുമാരും അടക്കം 30 ഓളം പേർക്ക് രോഗം പിടിപെടുകയും 200 ഓളം പേർ നിരീക്ഷണത്തിൽ പോകേണ്ടി വരികയും ചെയ്തതായി മന്ത്രി ജി.സുധാകരൻ പറഞ്ഞു . സൂപ്രണ്ടിന്റെ നടപടികളെപ്പ​റ്റി ജില്ലാകളക്ടർ ഉടൻ അന്വേഷിച്ച് ആരോഗ്യമന്ത്റിക്ക് റിപ്പോർട്ട് നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു . എഴുപുന്ന പഞ്ചായത്തിലെ ഒരുമത്സ്യ സംസ്‌കരണ ഫാക്ടറിയിൽ 30 ഓളം തൊഴിലാളികൾക്കാണ് കോവിഡ് ബാധിച്ചത്. അവിടെയുള്ള 200 ഓളം തൊഴിലാളികളും നിരീക്ഷണത്തിലാണ്. ജില്ലയിൽ മത്സ്യബന്ധനം ഒരാഴ്ചത്തേക്ക് നിരോധിച്ചിരിക്കുകയാണ്. കുട്ടനാട്, ചെങ്ങന്നൂർ, ആറാട്ടുപുഴ, തെക്കേക്കര, കായംകുളം നഗരം, താമരക്കുളം, പുറക്കാട്, തുറവൂർ, കുത്തിയതോട് തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിതിഗതികൾ ഗുരുതരമാണ്. അശ്രദ്ധയും നിയമലംഘനവുമാണ് മിക്കയിടത്തും കുഴപ്പത്തിന് കാരണം .ജില്ലാ ഭരണകൂടത്തിന് സർക്കാരിന്റെയും ജനങ്ങളുടെയും എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.