 പാലം ഉദ്ഘാടന വിവാദം കൗൺസിൽ യോഗത്തിൽ ബഹളമായി

ആലപ്പുഴ: ആലപ്പുഴ നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 23 ലക്ഷം മുടക്കി നിർമ്മിച്ച പള്ളാത്തുരുത്തി - തിരുമല ഔട്ട്‌പോസ്റ്റ് പാലത്തിന്റെ ഉദ്ഘാടനത്തെ ചൊല്ലിയുള്ള വിവാദം ഇന്നലെ നഗരസഭ കൗൺസിൽ യോഗത്തിലും യു.ഡി.എഫ്, എൽ.ഡി.എഫ് അംഗങ്ങൾ തമ്മിൽ കൊമ്പുകോർക്കാനുള്ള വിഷയമായി.

പാലം ഉദ്ഘാടനത്തിന് എത്തിയ ചെയർമാനെ പൊലീസ് തടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് ഭരണപക്ഷം അവതരിപ്പിച്ച പ്രമേയത്തിൽ എൽ.ഡി.എഫ് അംഗങ്ങൾ വിയോജനം രേഖപ്പെടുത്തി. ബി.ജെ.പി അംഗങ്ങൾ മൗനം പാലിച്ചു. വിഷയം ആദ്യം കൗൺസിലിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത് ലീഗ് അംഗം നൗഫൽ ആയിരുന്നു. ചെയർമാൻ ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ച പാലം മന്ത്രി ഉദ്ഘാടനം ചെയ്തതിനോടന് യോജിക്കാൻ കഴിയില്ലെന്നായി ഭരണപക്ഷം. എന്നാൽ ചെയർമാനാണ് മന്ത്രി ജി.സുധാകരനെ ക്ഷണിച്ചതെന്നും അതനുസരിച്ചാണ് മന്ത്രി ഉദ്ഘാടനം ചെയ്തതെന്നും സി.പി.എം അംഗം പ്രേം പറഞ്ഞു. കോൺഗ്രസിലെ എതിർപ്പിനെ തുടർന്നാണ് ചെയർമാൻ എത്താത്തതിരുന്നതെന്നും പ്രേം ആരോപിച്ചു.

ഇതോടെ ഇരുപക്ഷവും തമ്മിൽ വാക്കേറ്റവും ബഹളവുമായി.എന്നാൽ തന്റെയോ നഗരസഭ എൻജിനിയറുടൊയോ അറിവോടെയല്ല നോട്ടീസും ശിലാഫലകവും വാങ്ങിയതെന്ന് യോഗത്തിൽ സെക്രട്ടറി വ്യക്തമാക്കി. വിഷയം കൗൺസിൽ ചർച്ച ചെയ്യണമെന്നും നഗരസഭ ചെയർമാനെ തെരുവിൽ തടഞ്ഞ പൊലീസ് നടപടിക്കെതിരെ യോഗം പ്രമേയം പാസാക്കണമെന്നും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ പറഞ്ഞു. പ്രതിപക്ഷം ഇത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി.

താൻ മന്ത്രിയെ ക്ഷണിച്ചില്ലെന്നും നോട്ടീസ് ശ്രദ്ധയിൽപ്പെട്ടപ്പോൾ മന്ത്രി എത്തരുതെന്ന് അറിയിച്ചതായും ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു. മറിച്ചുള്ള ആക്ഷേപം തെളിയിച്ചാൽ ചെയർമാൻ സ്ഥാനം രാജിവയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.

 പ്രമേയത്തിൽ വിയോജനം

ചെയർമാനെ പൊലീസ് തെരുവിൽ തടഞ്ഞ നടപടിക്ക് എതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കണമെന്ന് ഭരണപക്ഷം അഭ്യർത്ഥിച്ചെങ്കിലും എൽ.ഡി.എഫ് അംഗങ്ങൾ വിയോജനമറിയിച്ചു. തുടർന്ന് വിയോജനക്കുറിപ്പോടെ കൗൺസിൽ പ്രമേയം പാസാക്കി. ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. ബഷീർ കോയാപറമ്പിൽ, എ.എ.റസാക്ക്, തോമസ് ജോസഫ്, പ്രേം, നൗഫൽ തുടങ്ങിയവർ സംസാരിച്ചു.