ജില്ലയിൽ കൊവിഡ് ആശങ്ക കനക്കുന്നു
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 119 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക കനക്കുന്നു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 507 ആയി. നൂറനാട് ഐ.ടി.ബി.പി കേന്ദ്രത്തിൽ ഇന്നലെ മാത്രം 78 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൊത്തം 134 ഉദ്യോഗസ്ഥർക്കാണ് ഇവിടെ രോഗം ബാധിച്ചത്. സമൂഹവ്യാപന ഭീതിയെ തുടർന്ന് കുട്ടനാട് പുളിങ്കുന്ന് പഞ്ചായത്ത് പൂർണ്ണമായും കണ്ടെയിമെന്റ് സോണായി പ്രഖ്യാപിച്ചു.
27 പേർ വിദേശത്തുനിന്നും ഒമ്പത് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിൽ രോഗ വിമുക്തരായവർ 256 ആയി. സമൂഹവ്യാപനം മൂലം രോഗികളുടെ എണ്ണവും അനുദിനം വർദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കായംകുളം നഗരസഭ, നൂറനാട് ഐ.ടി.ബി.പി ക്യാമ്പ്, ചെല്ലാനം മത്സ്യബന്ധന തുറമുഖം എന്നിവടങ്ങളിൽ നിന്നാണ് സാമൂഹ്യവ്യാപനത്തിന് വഴിയൊരുക്കിയതെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു.
തീരമേഖലയിൽ കടുത്ത ജാഗ്രതാ നിർദേശം നൽകിയെങ്കിലും പലേടത്തും സാമൂഹിക അകലം പാലിക്കുന്നില്ല.
രോഗം സ്ഥിരീകരിച്ച പട്ടണക്കാട് സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ സമ്പർക്ക പട്ടികയിലുള്ള 28 വയസുള്ള പട്ടണക്കാട് സ്വദേശിനി, പള്ളിത്തോട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 56 വയസുള്ള പള്ളിത്തോട് സ്വദേശി, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വോളണ്ടിയർ ആയി പ്രവർത്തിച്ച 37 വയസുള്ള പെരുമ്പളം സ്വദേശി, കൂടാതെ 56 വയസുള്ള പള്ളിത്തോട് സ്വദേശി, 52 വയസുള്ള മനക്കോടം സ്വദേശി എന്നിവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. എല്ലാവരെയും വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജില്ലയിൽ 6221 പേരാണ് നിലവിൽ കൊവിഡ് നിരീക്ഷണത്തിലുള്ളത്.
ആളെണ്ണം കൂടിയ വഴി
മസ്‌കറ്റിൽനിന്ന് എത്തിയ ചെറിയനാട് സ്വദേശിനി, കുവൈറ്റിൽ നിന്നെത്തിയ 28 വയസുള്ള കുത്തിയതോട് സ്വദേശി, മുംബയിൽ നിന്നെത്തിയ 20, 23 വയസുള്ള ചേർത്തല സ്വദേശികൾ, ദുബായിൽ നിന്നെത്തിയ 44 വയസുള്ള ചേർത്തല സ്വദേശി, മസ്‌കറ്റിൽ നിന്നെത്തിയ ചേർത്തല സ്വദേശികളായ രണ്ട് ആൺകുട്ടികൾ, ദുബായിൽ നിന്നെത്തിയ 33 വയസുള്ള ചെട്ടികുളങ്ങര സ്വദേശി, ഷാർജയിൽ നിന്നെത്തിയ 34 വയസുള്ള ചേർത്തല സ്വദേശി, ദമാമിൽ നിന്നെത്തിയ 26 വയസുള്ള ചേർത്തല സ്വദേശി, അബുദാബിയിൽ നിന്ന് എത്തിയ 47 വയസുള്ള ചേർത്തല സ്വദേശി, മസ്‌കറ്റിൽ നിന്നെത്തിയ ചെറിയനാട് സ്വദേശിയായ കുട്ടി, ദുബായിൽ നിന്നെത്തിയ 36 വയസുള്ള ബുധനൂർ സ്വദേശി, മസ്‌കറ്റിൽ നിന്നെത്തിയ 63 വയസുള്ള ചെറിയനാട് സ്വദേശി, ഡൽഹിയിൽ നിന്നെത്തിയ 45 വയസുള്ള പൂച്ചാക്കൽ സ്വദേശിനി, അബുദാബിയിൽ നിന്നെത്തിയ 21 വയസുള്ള തൈക്കാട്ടുശ്ശേരി സ്വദേശി, ഡൽഹിയിൽ നിന്നെത്തിയ 20 വയസുള്ള പൂച്ചാക്കൽ സ്വദേശി, മുംബൈയിൽ നിന്നെത്തിയ 22 വയസുള്ള പൂച്ചാക്കൽ സ്വദേശി, സിക്കിമിൽ നിന്നെത്തിയ 26 വയസുള്ള തുറവൂർ സ്വദേശി, ഡൽഹിയിൽ നിന്ന് വന്ന 32 വയസുള്ള ചേർത്തല സ്വദേശി, കോയമ്പത്തൂരിൽ നിന്നെത്തിയ 24 വയസുള്ള ചേർത്തല സ്വദേശിനി, ഹൈദരാബാദിൽ നിന്ന് വന്ന 30 വയസുള്ള ചേർത്തല സ്വദേശി, കുവൈറ്റിൽ നിന്ന് വന്ന 32 വയസുള്ള ചേർത്തല സ്വദേശി, യുഎഇയിൽ നിന്ന് എത്തിയ 35 വയസുള്ള ചേർത്തല സ്വദേശി, ദുബായിൽ നിന്ന് എത്തിയ 25 വയസുള്ള പള്ളിപ്പുറം സ്വദേശി, ലണ്ടനിൽ നിന്നെത്തിയ 54 വയസുള്ള അമ്പലപ്പുഴ സ്വദേശിനി, ഷാർജയിൽ നിന്നെത്തിയ 32 വയസുള്ള അമ്പലപ്പുഴ സ്വദേശി, ദുബായിൽ നിന്നെത്തിയ 41 വയസുള്ള അമ്പലപ്പുഴ സ്വദേശി, സൗദിയിൽ നിന്നെത്തിയ 30 വയസുള്ള അമ്പലപ്പുഴ സ്വദേശി, ഷാർജയിൽ നിന്നെത്തിയ 26 വയസുള്ള അമ്പലപ്പുഴ സ്വദേശിനി, റിയാദിൽ നിന്നെത്തിയ 39 വയസുള്ള ആലപ്പുഴ സ്വദേശി, കുവൈറ്റിൽ നിന്നെത്തിയ 55 വയസുള്ള വള്ളികുന്നം സ്വദേശി, കുവൈറ്റിൽ നിന്നെത്തിയ 41 വയസുള്ള എടത്വ സ്വദേശി, കുവൈറ്റിൽ നിന്നെത്തിയ 40 വയസുള്ള തലവടി സ്വദേശിനി, കുവൈറ്റിൽ നിന്നെത്തിയ 39 വയസുള്ള തലവടി സ്വദേശിനി, കുവൈറ്റിൽ നിന്നെത്തിയ 40 വയസുള്ള നൂറനാട് സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത്
കണ്ടെയിൻമെന്റ് സോൺ
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളും കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ല കളക്ടർ ഉത്തരവായി.
പുളിങ്കുന്ന് ൽ അഞ്ചാം വാർഡിൽ കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചയാൾക്ക് പഞ്ചായത്തിലെ ഒട്ടനവധി ആളുകളുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടെന്ന് ജില്ല മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ പഞ്ചായത്തിലെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണത്തിനും, അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രയ്ക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി ഇളവുകൾ ഉണ്ടായിരിക്കും. ആലപ്പുഴ -ചങ്ങനാശ്ശേരി റോഡിലൂടെ ഗതാഗതം അനുവദിക്കും.
അവശ്യ / ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മാത്രം രാവിലെ 8 മുതൽ 11 വരെയും പൊതുവിതരണ സ്ഥാപനങ്ങൾക്ക് (പി.ഡി.എസ്.) രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2വരെയും പ്രവർത്തിക്കാം.
......................