ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗത്തിന്റെ ഗതകാല സംഘടനാശക്തി വീണ്ടെടുത്ത് പ്രസ്ഥാനത്തെ നയിക്കുന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മൈക്രോ ഫിനാൻസിന്റെ പേര് പറഞ്ഞ് ആക്ഷേപിക്കുന്നത് പ്രതിഷേധാർഹമാണെന്ന് കാർത്തികപ്പള്ളി യൂണിയൻ ആരോപിച്ചു. യോഗം ജനറൽ സെക്രട്ടറിയ്ക്കും യോഗംനേതാക്കൾക്കും യൂണിയൻ പൂർണപിന്തുണ നൽകും. വലിയ ഭൂരിപക്ഷത്തിൽ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട യോഗ നേതൃത്വത്തെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് താഴെ ഇറക്കാമെന്നത് വ്യാമോഹമാണ്. യൂണിയനുകൾ നേരിട്ട് നടത്തുന്ന മൈക്രോഫിനാൻസ് വിതരണത്തിൽ യോഗത്തിനും നേതാക്കൾക്കും യാതൊരുവിധ പങ്കാളിത്തവുമില്ല എന്ന യാഥാർത്ഥ്യം മറച്ച് വെച്ച് അവരെ ആക്ഷേപിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്നും യോഗം അഭിപ്രായപ്പെട്ടു. യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ അദ്ധ്യക്ഷനായി. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സി.സുഭാഷ്, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പ്രൊഫ.സി.എം ലോഹിതൻ, ഡോ.ബി.സുരേഷ് കുമാർ, കൗൺസിൽ അംഗങ്ങളായ പൂപ്പള്ളി മുരളി, പി.ശ്രീധരൻ, ടി.മുരളി, ദിനു വാലുപറമ്പിൽ, കെ.സുധീർ, പി.എസ് അശോക് കുമാർ, ഡി.ഷിബു എന്നിവർ പങ്കെടുത്തു. സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം.സോമൻ നന്ദിയും പറഞ്ഞു.