ഹരിപ്പാട്: എസ്.എൻ.ഡി.പി. യോഗം നേതൃത്വത്തിനെതിരെ കുപ്രചാരണങ്ങൾ അഴിച്ച് വിട്ട് അപമാനിക്കാൻ ശ്രമിക്കുന്നത് അപലനീയമാണെന്ന് ചേപ്പാട് യൂണിയൻ കുറ്റപ്പെടുത്തി. അവശതയുടെ നാളുകളിൽ നിന്ന് പുരോഗതിയുടെ നാളുകളിലേക്ക് ശ്രീനാരായണപ്രസ്ഥാനങ്ങളെ എത്തിച്ച നേതാവാണ് വെള്ളാപ്പള്ളി നടേശൻ. സമാനതകളില്ലാത്ത നേതൃപാടവത്തിലൂടെ യോഗത്തെ നയിച്ച വെള്ളാപ്പള്ളി നടേശനെ കുപ്രചരണങ്ങളിലൂടെ ഇടിച്ചുകാണിക്കാനാണ് ചിലരുടെ ശ്രമമെന്ന് യൂണിയൻ കൗൺസിൽ അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. ജനങ്ങൾ നൽകിയ സ്‌നേഹവും, വിശ്വാസവും പരിപാലിക്കാൻ കഴിയാതെ അഴിമതിയും, കെടുകാര്യസ്ഥതയും കാട്ടി സമൂഹത്തിൽനിന്നും ഒളിച്ചോടിയവരുടെ അവസാനകണ്ണിയാണ് കണിച്ചുകുളങ്ങര യൂണിയൻ മുൻ സെക്രട്ടറി. അരുതാത്ത പ്രവൃത്തി ചെയ്യുമ്പോഴാണ് ജയിൽവാസവും, ആത്മഹത്യയുമൊക്കെ നടക്കുന്നത്. ഇങ്ങനെയുള്ളവരുടെ ചെയ്തികൾ ജനറൽസെക്രട്ടറിയുടെ തലയിൽകെട്ടിവെയ്ക്കാൻ ശ്രമിക്കുന്നത് അപലപനീയമാണ്. യോഗനേതൃത്വത്തിനെതിരെ നടത്തുന്ന നീക്കങ്ങൾക്കെതിരെ ആശയപ്രചരണം നടത്തുവാനും കൗൺസിൽ തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി എൻ.അശോകൻ, വൈസ് പ്രസിഡന്റ് ഡി.കാശിനാഥൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ.ശ്രീനിവാസൻ, ഡി.ധർമ്മരാജൻ, കൗൺസിൽ അംഗങ്ങളായ തൃക്കുന്നപ്പുഴപ്രസന്നൻ, എസ്.ജയറാം, അയ്യപ്പൻ കൈപ്പള്ളിൽ, അഡ്വ.യു.ചന്ദ്രബാബു, പി.എൻ.അനിൽകുമാർ, ജെ.ബിജുകുമാർ, ബി.രഘുനാഥ് എന്നിവർ സംസാരിച്ചു.