singers

ആലപ്പുഴ: ഉത്സവങ്ങളും മറ്റ് ആഘോഷങ്ങളും നിലച്ചതോടെ വരുമാനമില്ലാതായ ഗാനമേള കലാകാരന്മാർ ജീവിത മാർഗം കണ്ടെത്താനുള്ള നെട്ടോട്ടത്തിൽ . ഓരോ ട്രൂപ്പിലും 10 മുതൽ 30 വരെ കലാകാരന്മാർ പ്രവർത്തിക്കുന്നുണ്ട്. പൊതുവേ ഉത്സവ സീസണാണ് പ്രധാന വരുമാനകാലമെങ്കിലും, ആലപ്പുഴയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി ഹൗസ് ബോട്ടുകൾ കേന്ദ്രീകരിച്ച് സ്ഥിരമായി ബുക്കിംഗ് ലഭിച്ചിരുന്ന ട്രൂപ്പുകളുണ്ട്. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ കൊഴുപ്പിക്കാനും ഗായക സംഘങ്ങളെ വിളിക്കുന്നവരുമുണ്ട്.

കൊവിഡ് വന്നതോടെ എല്ലാം നിലച്ചു. ഇതോടെ ചെറുകിട വ്യവസായങ്ങളിലേക്കും, സംരംഭങ്ങളിലേക്കും തിരിയുകയാണ് ഭൂരിഭാഗം പേരും. സാമ്പത്തികമാണ് ഇവിടെയും വില്ലൻ. പുത്തൻ സംരംഭങ്ങൾക്ക് മുതൽമുടക്കാനുള്ള തുക പോലും ഇല്ലാതെ വന്നതോടെ തിരുവനന്തപുരം മുതൽ കാസർകോട് വരെ എല്ലാ ജില്ലകളിലെയും പ്രധാന നേതാക്കളെ നേരിൽ കണ്ട് നിവേദനം സമർപ്പിക്കുകയാണ് സിംഗിംഗ് ആർട്ടിസ്റ്റ് അസോസിയേഷനിലെ കലാകാരൻമാർ. ജില്ലയിൽ പേരുകേട്ട ട്രൂപ്പുകളിലെ പ്രധാന കലാകാരന്മാർ പലരും പലചരക്ക് വ്യാപാരം, വീടുകളുടെ വിൽപ്പന/ പണയം ഏജൻസി തുടങ്ങിയ മേഖലകളിലേക്ക് തിരിഞ്ഞു. പാചക പരീക്ഷണങ്ങളുമായി യൂ ട്യൂബ് ചാനുകളിൽ ഒരു കൈ നോക്കുകയാണ്സ്ത്രീകൾ പലരും.

 തൊഴിൽ രഹിതരായത്

ഗാനമേളകൾ ഇല്ലാതായതോടെ വരുമാനം നിലച്ചത് ഗായകർക്കും, ഓർക്കസ്ട്രാ സംഘത്തിനും മാത്രമല്ല. മൈക്ക് സെറ്റ് ജീവനക്കാർ, സ്റ്റേജ് നിർമ്മാണക്കാർ തുടങ്ങി വിവിധ വിഭാഗങ്ങളും പട്ടിണിയിലായി.

..............

1000 : പരിപാടി ദിവസങ്ങളിൽ ഗായകർക്ക് പ്രതിദിനം 1000 രൂപ മുതൽ വരുമാനം ലഭിച്ചിരുന്നു

..................

ഉത്സവപരിപാടികൾ കൂടാതെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ടും നിരവധി ബുക്കിംഗുകൾ ലഭിക്കുമായിരുന്നു. സാമൂഹിക അകലം നിലനിർത്തി തന്നെ ചെറിയ പരിപാടികൾ അവതരിപ്പിക്കാൻ അനുമതി ലഭിച്ചാൽ അത് ഒരുപാട് കലാകാരൻമാർക്ക് ആശ്വാസമാകും

- ഹാരിസ് കാസിം, സിംഗിംഗ് ആർട്ടിസ്റ്റ് അസോസിയേഷൻ