പൂച്ചാക്കൽ: പൂച്ചാക്കൽ മേഖലയിലെ മൂന്നു പഞ്ചായത്തുകളിലായി ആറു പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 37 പേരെ നിരീക്ഷണത്തിലാക്കുകയും ചെയ്തതോടെ വല്ലാത്ത ഭീതിയിലായി നാട്.

പാണാവള്ളിയിൽ ഇന്നലെ മൂന്നു പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 13-ാം വാർഡിൽ ഡൽഹിയിൽ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന രണ്ടു പേർക്കും, 12-ാം വാർഡിൽ, മുംബയിൽ നിന്നെത്തി നിരീക്ഷണത്തിലായ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച രണ്ടുപേർക്ക് രോഗം കണ്ടെത്തിയിരുന്നു. ഒരു പഞ്ചായത്തംഗത്തോടും, എൻ.ആർ.ഇ.ജി അസി. എൻജിനീയർമാർ, രണ്ട് ഓവർസിയർമാർ എന്നിവരോടും ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് മെഡിക്കൽ ഓഫീസർ ഡോ. അരുൺ മിത്ര പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ആവശ്യമുള്ളവർക്ക് ഭക്ഷണവും മരുന്നും എത്തിച്ചു കൊടുക്കാനുള്ള സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.സുശീലൻ അറിയിച്ചു.

പെരുമ്പളം മൂന്നാം വാർഡിൽ, ആരോഗ്യ വോളണ്ടിയർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കി. ഉറവിടം കണ്ടെത്താനാകാത്തതിനാൽ സമ്പർക്കപ്പട്ടിക വളരെ കരുതലോടെയാണ് തയ്യാറാക്കുന്നതെന്ന് പ്രസിഡന്റ് കെ.എസ്.ഷിബു പറഞ്ഞു. പെരുമ്പളം ദ്വീപിൽ ആദ്യ കൊവിഡ് റിപ്പോർട്ട് ചെയ്തതോടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പാണാവള്ളിയിൽ നിന്നും പൂത്തോട്ടയിൽ നിന്നുമുള്ള യാത്രാബോട്ടുകൾ നിയന്ത്രിച്ചു. അത്യാവശ്യ സർവ്വീസിനായി ആംബുലൻസ് ബോട്ട് സജ്ജമാക്കി. പത്രവിതരണം, വിവാഹം, മരണം തുടങ്ങിയ ആവശ്യങ്ങൾക്കായി നാലു വള്ളങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തൈക്കാട്ടുശേരി ഒൻപതാം വാർഡിൽ മാക്കേകടവിൽ അബുദാബിയിൽ നിന്നെത്തി നിരീക്ഷണത്തിലായിരുന്നയാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പള്ളിപ്പുറം പതിനൊന്നാം വാർഡിൽ, ദുബായിൽ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന മൂന്നു പേരിൽ വൈക്കം സ്വദേശിയായ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.