മാന്നാർ: സ്വന്തമായി ഒരു തുണ്ട് കൃഷിഭൂമിയില്ല. പക്ഷെ ജനാർദ്ദനൻ തികഞ്ഞ കർഷകനാണ്. കഴിഞ്ഞ 37 വർഷമായി കൃഷിയാണ് ഉപജീവനമാർഗം. ചെന്നിത്തല പഞ്ചായത്തിൽ നാലേക്കറിലധികം ജൈവ കൃഷിത്തോട്ടങ്ങൾ ഒരുക്കി പരിപാലിക്കുകയാണ് 76 കാരനായ ഈ വന്ദ്യവയോധികൻ.
പ്രായം ഇത്തിരിയുണ്ടെങ്കിലും ചെന്നിത്തല തെക്കുംമുറി പതിനെട്ടാം വാർഡിൽ കാരിക്കുഴി നങ്കേരി പടീറ്റതിൽ ജനാർദ്ദനന്റെ കൃഷി നല്ല ഗ്രാൻഡ് കൃഷിയാണ്. പള്ളിപ്പാട് മൂലയിൽ തങ്കച്ചന്റെ രണ്ടേക്കർ കാടുകയറിയിരുന്ന പുരയിടം പാട്ടത്തിനെടുത്ത് ജനാർദ്ദനൻ നട്ടുവളർത്തുന്ന വിളകൾ ഇങ്ങനെ. 2000 ഏത്തവാഴ, 200 ഞാലിപ്പൂവൻ, 150 പാളയംതോടൻ, 50 ടിഷ്യു കൾച്ചർവാഴകൾ. എല്ലാം വിളവെടുപ്പിന് ഏതാണ്ട് പാകമായി നിൽക്കുന്നു.
കണ്ണന്നൂർ ക്ഷേത്രം വക ഒന്നരയേക്കർ കാടുകയറിയ പുരയിടം വെട്ടിത്തെളിച്ച് ആയിരം മൂട് കപ്പയും മുന്നൂറ് മൂട് വെള്ളരി, വഴുതന എന്നീ കൃഷികളും നടത്തുന്നു. കണ്ണന്നൂർ ദേവീസദനത്തിലെ ഒരേക്കർ വരുന്ന പുരയിടത്തിൽ പയർ, പാവൽ, വെണ്ട, പടവലം എന്നിവയും കൃഷികളുടെ പരിപാലനവും നടത്തുന്നുണ്ട്. ഇത് കൂടാതെ ചേന, ചേമ്പ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, കൂർക്ക, കോവൽ, ചീര, പച്ചമുളക് തുടങ്ങിയവയും കൃഷി ചെയ്തുവരുന്നു. വിളവെടുക്കുന്ന പച്ചക്കറികൾ വിവിധ പഞ്ചായത്തുകളിലെ കർഷകരുടെ സംയുക്തസംരംഭമായ വിപണിയിലൂടെയാണ് വിറ്റഴിക്കുന്നത്.
ഒരു മൂട്ടിൽ രണ്ടു വാഴ
മല്ലപ്പള്ളിയിലുള്ള ഒരു സ്വകാര്യവ്യക്തിയിൽ നിന്നാണ് വാഴവിത്തുകൾ സംഘടിപ്പിച്ചത്. ഒരു മൂട്ടിൽ രണ്ടു വാഴത്തൈകൾ നട്ട് തൈകൾ വളരുന്നതനുസരിച്ച് മുള, കാറ്റാടി കമ്പ് എന്നിവ കെട്ടി ഏത്തം കൊടുത്ത് ഇവയെ സംരക്ഷിക്കാറുണ്ട്. മുമ്പ് പ്രകൃതിക്ഷോഭത്തിൽ വാഴക്കൃഷികൾ നിലംപൊത്തിയതിനെ തുടർന്നാണ് ഇങ്ങനെയൊരു കൃഷിപരിപാലനം നടത്തിയതെന്ന് ജനാർദ്ദനൻ പറയുന്നു.
കൃഷി ചെയ്യാൻ അനുവദിക്കാത്ത കാലം
ചെറുപ്പത്തിലെ കമ്മ്യൂണിസ്റ്റ് ആദർശങ്ങളിൽ ആകൃഷ്ടനായ ജനാർദ്ദനെ അന്നത്തെ ഭൂവുടമകൾ ജോലി ചെയ്യിക്കാൻ തയ്യാറായില്ല. അച്ചൻകോവിലാറ്റിൽ നിന്നും മത്സ്യം പിടിച്ചാണ് അന്ന് കുടുംബത്തെ മുന്നോട്ട് നയിച്ചത്. പിന്നീട് സുഹൃത്തുമായി ചേർന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ 1000 മൂട് വെള്ളരിയിട്ട് പച്ചക്കറി കൃഷിക്ക് തുടക്കമിട്ട് കൃഷിയിലെ അഭിനിവേശം തെളിയിച്ചു.
ജൈവ വളം തന്നെ പ്രിയം
കാർഷിക സർവകലാശാല, കൃഷ്ണപുരം തോട്ടവിള ഗവേഷണകേന്ദ്രം എന്നിവിടങ്ങളിൽ നിന്നാണ് വിത്തുകൾ വരുത്തുന്നത്. ചാണകം, കോഴിവളം ഗോമൂത്രം എന്നിവ ഉൾപ്പെടെയുള്ള ജൈവവള പ്രയോഗമാണ് ചെയ്യുന്നത്. ജനാർദ്ദനന്റെ കൃഷി കണ്ടറിഞ്ഞ എസ്.ബി.ഐ ചെന്നിത്തല ശാഖയിലെ ഉദ്യോഗസ്ഥർ കൃഷിക്കായി വായ്പയും നൽകി. ഈ പ്രായത്തിലും ഏത് കാലാവസ്ഥയിലും കൃഷി മാത്രം ചെയ്ത് മുന്നോട്ടുപോകുന്ന ജനാർദ്ദനൻ കാർഷികവൃത്തിയിലേക്ക് തിരിയുന്നവർക്ക് ഒരു പ്രചോദനമാണ്. കൃഷി പരിപാലനത്തിന് പിന്തുണയുമായി ഭാര്യ ഗോമതിയും ജനാർദ്ദന് ഒപ്പമുണ്ട്.