മാന്നാർ: വാഹനയാത്രക്കാർക്കും പൊതുജനത്തിനും ഭീഷണിയായി ഉണങ്ങിയ വാകമരം. മാന്നാർ ബുധനൂർ ചെങ്ങന്നൂർ റോഡിൽ ബുധനൂർ കോടഞ്ചിറയ്ക്ക് സമീപമാണ് മരം നിൽക്കുന്നത്. ഒരു കാറ്റടിച്ചാൽ മതി ഏത് നിമിഷവും വാകമരം നിലംപൊത്താം. ഒന്നര വർഷത്തിലധികമായി ഈ മരം ഉണങ്ങി നിൽക്കാൻ തുടങ്ങിയിട്ട്. 2018ലെ പ്രളയസമയത്ത് ഇതിന് സമീപം നിന്നിരുന്ന മറ്റൊരുമരം സമീപവാസിയായ സിബി ഭവനിൽ കെ.പി. വർഗീസിന്റെ വീടിന് മുകളിലേക്ക് വീണ് വൻ നാശനഷ്ടം സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മരം വെട്ടി നീക്കിയതടക്കം പതിനയ്യായിരത്തോളം രൂപ ചെലവായതായി വീട്ടുടമ പറയുന്നു. മരത്തിന് തൊട്ടടുത്തുകൂടിയാണ് വൈദ്യുതിലൈൻ കടന്നുപോകുന്നത്. ഇത് സംബന്ധിച്ച് എം.എൽ.എ, പഞ്ചായത്ത്, റവന്യു അധികാരികൾ എന്നിവർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് വർഗീസ് പറയുന്നു.