കുട്ടനാട്: എ.സി. റോഡിൽ മങ്കൊമ്പ് നസ്രത്ത് ജംഗ്ഷന് സമീപം നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു.
പൊൻകുന്നം എലിക്കുളം വഞ്ചിമല നിരപ്പേല്‍ പരേതനായ വിനോദിന്റെ മകന്‍ അഭിജിത് (20) ആണ് മരിച്ചത്. പനമറ്റം ജമാഅത്ത് സെക്രട്ടറി ഇലവനാല്‍ അനസ് മുഹമ്മദിന്റെ മകന്‍ സാഹിദ് (19), പനമറ്റം സ്വദേശി റെജിൻ (19) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ ഒമ്പതേകാലോടെയായിരുന്നു അപകടം. ഹിറ്റാച്ചി യന്ത്രത്തിന്റെ ഹെൽപ്പർമാരായി ജോലിനോക്കുന്ന മൂന്നുപേരും ഒരു ബൈക്കിൽ പൂപ്പള്ളിയിൽ നിന്ന് നീലംമ്പേരൂരിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ, സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ഫൈബർ വള്ളം കയറ്റിക്കൊണ്ടു പോകുന്നതിനായി നിറുത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. അഭിജിത്ത് ആണ് ബൈക്ക് ഓടിച്ചിരുന്നത്. പരിക്കേറ്റ മൂവരെയും നാട്ടുകാർ ഉടൻ തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് മാരകമായി മുറിവേറ്റ അഭിജിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. റെജിനെയും സാഹിദിന്റെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുളിങ്കുന്ന് പൊലീസ് കേസെടുത്തു.
മരിച്ച അഭിജിത്തിന്റെ അമ്മ ബിജി ഭരണങ്ങാനം മരോട്ടിക്കല്‍ കുടുംബാംഗമാണ്.