മാവേലിക്കര: മാവേലിക്കര സബ് കോടതിയെ പുതിയതായി സംസ്ഥാനത്ത് തുടങ്ങാൻ പോകുന്ന വാണിജ്യ കോടതികളിൽ ഒന്നായി മാറ്റണമെന്ന് ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് ആവശ്യപ്പെട്ടു. മൂന്ന് ലക്ഷത്തിന് മുകളിലുള്ള വാണിജ്യ തർക്കങ്ങൾ പരിഹരിക്കാൻ വേണ്ടി അനുവദിക്കുന്ന കോടതി, ജില്ലാ കോടതി സംവിധാനം പ്രവർത്തിക്കുന്ന മാവേലിക്കരയിൽ അനുവദിക്കാൻ സംസ്ഥാന സർക്കാരും ഹൈക്കോടതിയും തയ്യാറാകണം.
മാവേലിക്കരയിൽ വാണിജ്യ കോടതി വന്നില്ലെങ്കിൽ ചെറിയ കേസുകൾ നടത്താൻ ജില്ലാ കേന്ദ്രത്തിൽ എത്തേണ്ട അവസ്ഥ ഉണ്ടാകും. ഇതിനാൽ ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ ഉള്ളവർക്ക് 70 കിലോമീറ്റർ ദൂരം യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. വിശാലമായ അധികാരങ്ങളുള്ള മാവേലിക്കര കോടതികളുടെ അധികാരം കുറച്ചുകൊണ്ടുവരുന്നത് സാധാരണക്കാരായ കക്ഷികൾക്കും അഭിഭാഷകർക്കും നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാൻ ഇടയാകും. ഇക്കാര്യത്തിൽ സ്ഥലം എം.എൽ.എയുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകാത്തത് നിർഭാഗ്യകരമാണെന്ന് മണ്ഡലം പ്രസിഡന്റ് പറഞ്ഞു.