 പരിശോധനാഫലം വൈകുന്നത് തിരിച്ചടി

ചേർത്തല: താലൂക്കിൽ ഇന്നലെ 30 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ സ്ഥിതി ആശങ്കാജനകമായി. തീരദേശത്തടക്കം സമ്പർക്കത്തിലൂടെ 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. 18 പേർ വിദേശത്തുനിന്നും മ​റ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തി നിരീക്ഷണത്തിൽ കഴിഞ്ഞവരാണ്.സമ്പർക്ക പട്ടികയിലുള്ളവർക്ക് സ്രവ പരിശോധനക്കൊപ്പം ആന്റിജൻ പരിശോധനയും നടക്കുന്നുണ്ട്.

പി.സി.ആർ ടെസ്റ്റ് നടത്തിയാൽ മാത്രമേ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനാകൂ.സ്രവ പരിശോധനയ്ക്കായി ഊഴം കാത്തിരിക്കേണ്ടിവരുന്നതും ഫലം വൈകുന്നതും തിരിച്ചടിയാകുന്നുണ്ട്.പട്ടണക്കാട്ട് കൊവിഡ് സ്ഥിരീകരിച്ച നിരവധി പേരുമായി സമ്പർക്കമുണ്ടായ മത്സ്യവ്യാപാരിയായ യുവാവിന്റെ ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചു.പള്ളിത്തോട്ടിലും മനക്കോടത്തും ഉറവിടമറിയാത്ത രണ്ടു രോഗികളുണ്ടായത് തീരദേശത്ത് വീണ്ടും അശങ്കക്കിടയാക്കിയിട്ടുണ്ട്. താലൂക്ക് ആശുപത്രിയിയുടെ പ്രവർത്തനം നിറുത്തിയെങ്കിലും നിരീക്ഷണത്തിലായ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ സ്രവ ശേഖരണം നടക്കുന്നുണ്ട്.

 ജാഗ്രതയോടെ പൊലീസ്

സമൂഹവ്യാപനം തടയാൻ താലൂക്കിൽ പ്രഖ്യാപിച്ച നിയന്ത്റണങ്ങളിൽ അയവില്ല.നിലവിൽ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള പരിശോധനകളും ഫലങ്ങളും ഇനിയും വരാനിരിക്കെയാണ് പൊലീസ് ജാഗ്രത വർദ്ധിപ്പിച്ചത്. ദേശീയപാതയിലേക്കും പ്രധാന റോഡുകളിലേക്കുമെത്താനുള്ള വഴികൾ പരിമിതപ്പെടുത്തിയതോടെ അനാവശ്യമായി ജനങ്ങൾ പുറത്തിറങ്ങുന്നത് നിരീക്ഷിക്കാൻ പൊലീസിന് സഹായകമാകുന്നുണ്ട്. ദക്ഷിണമേഖല ഡി.ഐ.ജി കാളിരാജ് മഹേശ്വർ ഇന്നലെ ഉച്ചയോടെ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.

കേസുകൾ പരമാവധി കുറച്ച് പുറത്തിറങ്ങുന്നവരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താനാണ് നിർദ്ദേശം.

താലൂക്ക് ആശുപത്രിയിൽ അണുനശീകരണ പ്രവർത്തനങ്ങൾ ഇന്നലെയും തുടർന്നു. അഗ്നിശമനയും ജനപ്രതിനിധികളും ചേർന്ന്, കൊവിഡ് സ്ഥിരീകരിച്ച പ്രദേശങ്ങളിൽ അണുനശീകരണം നടത്തി. നിയമം ലംഘിച്ചതിന് 25 കേസുകൾ രജിസ്​റ്റർ ചെയ്തു. മാസ്‌ക് ധരിക്കാതെ സഞ്ചരിച്ച 15 പേർക്കെതിരെയും വാഹനങ്ങളിലെത്തിയ ഏഴ് പേർക്കെതിരെയും നിശ്ചിത സമയത്തിന് ശേഷം കടയടയ്ക്കാതിരുന്ന മൂന്ന് വ്യാപാരികൾക്കെതിരെയുമാണ് കേസെടുത്തത്.

 വഴികൾ അടഞ്ഞു

പൊലീസ് രാവിലെ കർശന നടപടി തുടങ്ങിയതോടെ ഉച്ചയോടെ നഗരം വിജനമായി. പടിഞ്ഞാറൻ മേഖലയിൽ നിന്ന് വാഹനങ്ങൾക്ക് നഗരത്തിലേക്ക് കടക്കാൻ പൊലീസ് സ്‌​റ്റേഷന് സമീപം ആഞ്ഞിലിപ്പാലം റോഡിലാണ് പ്രവേശന കവാടം ഒരുക്കിയിട്ടുള്ളത്. ഇതുവഴിയെത്തുന്ന വാഹനങ്ങൾ ദേശീയപാതയിലൂടെ എക്‌സറെ കവലയിലെത്തി നഗരത്തിലേക്ക് പ്രവേശിക്കണമെന്നാണ് നിർദ്ദേശം. നഗരത്തിൽ നിന്ന് പടിഞ്ഞാറൻ മേഖലയിലേക്ക് പോകേണ്ടവരും ഇതുവഴിയാണ് സഞ്ചരിക്കേണ്ടത്. നഗരത്തിലേക്ക് എത്തുന്ന മ​റ്റ് റോഡുകളെല്ലാം ബാരിക്കേഡ് സ്ഥാപിച്ച് അടച്ചു. നിയന്ത്റണങ്ങൾ തെ​റ്റിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സി.ഐ പി.ശ്രീകുമാർ പറഞ്ഞു.