ചേർത്തല : മികച്ച സേവകരായി കണ്ട ആരോഗ്യ പ്രവർത്തകരെ രോഗികളെന്നു തെളിഞ്ഞപ്പോൾ ശത്രുപക്ഷത്താക്കിയെന്നാക്ഷേപവുമായി താലൂക്ക് ആശുപത്രിയിലെ ജീവനക്കാർ.താലൂക്ക് ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർക്കും കുടുംബങ്ങൾക്കും നേരെ ഫോണിലൂടെയും നേരിട്ടും കടന്നാക്രമണം നടക്കുകയാണെന്ന പരാതികളുയർന്നതിനെ തുടർന്നാണ് അധികൃതർ രംഗത്ത് എത്തിയത്.ആരോഗ്യ പ്രവർത്തകന്റെ വീടിനു മുന്നിൽ മൈക്കുകെട്ടി ആക്ഷേപിക്കുന്ന സംഭവം പോലും അരങ്ങേറിയതായി അധികൃതർ പറഞ്ഞു.ജന പ്രതിനിധികൾ പോലും ഇത്തരം പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നുണ്ടെന്നും പരാതിയുയർന്നിട്ടുണ്ട്.
താലൂക്കാശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന നാലുപേരുൾപ്പെടെ 13 ജീവനക്കാർക്ക്(ഒരു ഡോക്ടറും) കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇവരെയെല്ലാം വണ്ടാനം, കോട്ടയം മെഡിക്കൽ കോളേജാശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇതേ തുടർന്ന് ആശുപത്രി അടച്ചിരിക്കുകയാണ്. ആശുപത്രി ജീവനക്കാർ പുറത്ത് കറങ്ങിനടന്നിട്ടോ സാമൂഹികം അകലം പാലിക്കാത്തതിനാലോ അല്ല രോഗം ബാധിച്ചതെന്ന് ആശുപത്രിയിലെ കൊറോണ സെൽ നോഡൽ ഓഫീസർ ഡോ.പി.വിജയകുമാർ പറഞ്ഞു.
സംസ്ഥാനത്തെ ആശുപത്രികളിൽ ജീവനക്കാരുടെ ജോലിയിലുള്ള വിന്യാസത്തിന് സർക്കാർ നിർദ്ദേശപ്രകാരം ത്രിടെയർ ഡ്യൂട്ടി സംവിധാനം ഏർപ്പെടുത്തിയിരുന്നു.ചേർത്തല താലൂക്ക് ആശുപത്രിയിൽ ഇത് നടപ്പാക്കാത്തത് വ്യാപകമായ പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു. ഇത് മൂലമാണ് ജീവനക്കാർ ഒന്നടങ്കം നിരീക്ഷണത്തിൽ പോകേണ്ടിവന്നതും ആശുപത്രി അടക്കേണ്ട സാഹചര്യം ഉണ്ടായെതെന്നും ആക്ഷേപം ഉയർന്നിരുന്നു.പാവപ്പെട്ട ആയിരക്കണക്കിന് ജനങ്ങളുടെ ചികിത്സ നിഷേധിച്ച അധികൃതരുടെ നടപടിക്കെതിരെ മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടെ രംഗത്ത് വരണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.