alappuzha-2

അറിവുള്ളവരും കാട്ടുന്ന അലംഭാവം, അതിരുവിട്ട ആത്മവിശ്വാസം, സർക്കാർ നൽകിയ ഇളവുകളുടെ ദുരുപയോഗം ഇതെല്ലാം ചേർന്നതോടെ ആലപ്പുഴ ജില്ലയിലെ കൊവിഡ് സ്ഥിതിഗതികൾ കടുത്ത ആശങ്കയിലേക്ക് നീങ്ങുകയാണ്. മറ്രു പല ജില്ലകളും രോഗബാധിതരുടെ എണ്ണത്തിലും സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനത്തിലും മുന്നിൽ നിന്നപ്പോഴും തികച്ചും ആശങ്കാരഹിതമായിരുന്നു ആലപ്പുഴയിലെ അന്തരീക്ഷം. എന്നാൽ ഇളവുകൾ വന്നതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഇതിനകം ആറുപേരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കൊവിഡ് മൂലം മരണപ്പെട്ടത്.

മാർച്ച് അവസാനവും ഏപ്രിൽ മാസത്തിലും കൊവിഡ് സംശയത്തിൽ നിരവധി പേരെ നിരീക്ഷണത്തിലാക്കിയിരുന്നെങ്കിലും ഒരു കൊവിഡ് രോഗിപോലും ജില്ലയിൽ ഉണ്ടായിരുന്നില്ല. രോഗവ്യാപനം ഫലപ്രദമായി തടഞ്ഞു നിർത്താനും ഇക്കാലയളവിൽ സാധിച്ചു. വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെ എത്തിയ ചിലർക്ക് മാത്രമായിരുന്നു രോഗബാധ കാണപ്പെട്ടത്. അതും 12 ഓളം പേർക്ക് മാത്രം.
സമ്പർക്കത്തിലൂടെ ഒരാൾക്ക് പോലും രോഗം ബാധിച്ചി
രുന്നില്ലെന്നതും ശ്രദ്ധേയമാണ്. പൊതുജീവിതം സുഗമമായി പോകാനുതകും വിധം സർക്കാർ ചില ഇളവുകൾ കൊണ്ടുവന്നതോടെയാണ് കാര്യങ്ങൾ കൈവിടുന്ന സ്ഥിതിയായത്. നിരോധനാജ്ഞയോ ആവർത്തിച്ചുള്ള മുന്നറിയിപ്പുകളോ ആരും ചെവിക്കൊണ്ടില്ല. ഇതെല്ലാം ചേർന്നതോടെ ജില്ലയിൽ കൊവിഡ് ഭീതി മുന്നോട്ടു കുതിച്ചു.

ചെന്നിത്തല സ്വദേശികളായ ഒരു കുടംബത്തിലെ രണ്ട് പേരാണ് ക്വാറന്റൈനിൽ കഴിഞ്ഞ ശേഷവും ഒരു മര്യാദയുമില്ലാതെ ചുറ്റിക്കറങ്ങി നിരവധി പേരിലേക്ക് രോഗവ്യാപനം നടത്തിയത്. കായംകുളം ആശുപത്രിയിലെ പ്രധാന ഡോക്ടർക്ക് ഇതുകാരണം കൊവിഡ് ബാധ ഉണ്ടായി. കായംകുളം മാർക്ക​റ്റിലെ പച്ചക്കറി കടക്കാരനും ഒരു മത്സ്യവ്യാപാരിയും കാരണം കായംകുളം, മാവേലിക്കര ഭാഗങ്ങളിൽ നൂറോളം പേർ കൊവിഡ് ബാധ സംശയത്തിലായി. ഇവരുടെ സമ്പർക്ക പട്ടികയിൽ വന്ന 500 ഓളം പേർക്കാണ് കായംകുളം നഗരം, പത്തിയൂർ, കൃഷ്ണപുരം, കണ്ടല്ലൂർ, വള്ളികുന്നം, ഭരണിക്കാവ്, ചെട്ടികുളങ്ങര, നൂറനാട്, താമരക്കുളം, തേക്കേക്കര, ചുനക്കര, പാലമേൽ തുടങ്ങിയ പഞ്ചായത്തുകളിൽ കോവിഡ് ബാധിക്കുകയോ ക്വാറന്റൈനിൽ പോകുകയോ ചെയ്യേണ്ടി വന്നത്.

ആശുപത്രി സൂപ്രണ്ടിനും

അശ്രദ്ധ
ചേർത്തല താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് കാട്ടിയ അലസതയും അശ്രദ്ധയും കാരണം ഡോക്ടർമാരും നഴ്സുമാരും അടക്കം 30 ഓളം പേർക്ക് രോഗം പിടിപെട്ടു. 200 ലധികം പേർ നിരീക്ഷണത്തിലുമായി.രോഗം സ്ഥിരീകരിച്ച ഗർഭിണിയെ ചികിത്സിച്ച ഈ ആശുപത്രിയിലെ ഡോക്ടറെയും നേഴ്സുമാരെയും മ​റ്റ് രോഗികളെയും കൂട്ടിരിപ്പുകാരെയും സന്ദർശകരെയും ക്വറന്റൈനിൽ പോകാൻ നിർദ്ദേശിച്ചില്ല. എഴുപുന്ന പഞ്ചായത്തിലെ മത്സ്യ സംസ്‌കരണ ഫാക്ടറിയിൽ 30 ഓളം തൊഴിലാളികൾക്കാണ്
കോവിഡ് ബാധിച്ചത്. അവിടെയുള്ള 200 ഓളം തൊഴിലാളികളും
നിരീക്ഷണത്തിലാണ്. കുട്ടനാട്, ചെങ്ങന്നൂർ, ആറാട്ടുപുഴ, തെക്കേകര, കായംകുളം നഗരം, താമരക്കുളം, പുറക്കാട്, തുറവൂർ, കുത്തിയതോട് തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിതിഗതികൾ ഗുരുതരമാണ്.

ബോർഡർ പൊലീസ് ക്യാമ്പും

ആശങ്കയിൽ

ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ക്യാമ്പും മുൾമുനയിൽ

നിർണായക ഘട്ടങ്ങളിൽ സ്തുത്യർമായ സേവനം നടത്തിയ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐ.ടി.ബി.പി) നൂറനാട്ടുള്ള പരിശീലന ക്യാമ്പാണ് കൊവിഡ് ആശങ്കയിൽ മുൾമുനയിൽ നിൽക്കുന്ന മറ്രൊരിടം. ഇവിടുത്തെ 130 ഓളം ഉദ്യോഗസ്ഥർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഛത്തീസ്ഗഡ്, ജലന്ധർ സംസ്ഥാനങ്ങളിൽ നിന്ന് ഇവിടേക്ക് എത്തിയ 300 പേരിൽ ഉൾപ്പെട്ടവരാണ് ഇവർ. മാവോയിസ്റ്ര് മേഖലകളിലും മറ്റ് അതിർത്തി പ്രദേശങ്ങളിലും ഡ്യൂട്ടി കഴിഞ്ഞാണ് ഇവർ ഇവിടേക്ക് എത്തുന്നത്.ക്വാറന്റൈൻ സംവിധാനം വേണ്ട വിധത്തിൽ സജ്ജമാക്കാൻ കഴിയാതെ പോയതാണ് രോഗവ്യാപനത്തിന്റെ ആക്കം കൂട്ടിയത്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന മുന്നൂറോളം പേർ ഇവിടേക്ക് എത്താനുമുണ്ട്. 2018 ലെ മഹാപ്രളയകാലത്ത് ഏറെ ദുരിതം നേരിട്ട ചെങ്ങന്നൂരിൽ മുഴുവൻ സമയ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായത് ഐ.ടി.ബി.പി അംഗങ്ങളാണ്. തിരുവല്ല ഭാഗത്ത് അന്യസംസ്ഥാന തൊഴിലാളികൾ കൊവിഡ് ബാധയെ തുടർന്ന് പ്രക്ഷോഭത്തിന് ഇറങ്ങിയപ്പോൾ അവരെ അനുനയിപ്പിക്കാൻ ഇവരുടെ ഭാഷാസ്വാധീനവും ഇടപെടലും നിർണായകമായിരുന്നു.

സമൂഹവ്യാപനം കൂടിയാൽ

പൂട്ട് വീഴും

ജില്ലമുഴുവൻ ലോക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ എ.അലക്സാണ്ടർ വ്യക്തമാക്കിയെങ്കിലും സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം ഇപ്പോഴത്തെ സ്ഥിതിയിൽ തുടർന്നാൽ ആലപ്പുഴ ജില്ലയ്ക്ക് പൂട്ടുവീഴാനാണ് സാദ്ധ്യത.1380 ഓളം പേരാണ് ഇതുവരെ രോഗികളുമായി നേരിട്ട് സമ്പർക്കമുണ്ടായിട്ടുള്ളത്. വിദേശത്തു നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നുമായി 27,400 ഓളം പേരാണ് ഇതിനകം ജില്ലയിലേക്ക് എത്തിയിട്ടുള്ളത്. ഇവർക്ക് ആവശ്യമായ ക്വാറന്റൈൻ സംവിധാനം ഒരുക്കുകയാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രധാനവെല്ലുവിളി. ക്വാറന്റൈനിൽ കഴിയുന്ന 14 ദിവസങ്ങൾക്കുള്ളിൽ ഇവരുടെ സ്രവപരിശോധനാ ഫലം ലഭിച്ചില്ലെങ്കിൽ പിന്നെയും ക്വാറന്റൈൻ നീണ്ടുപോകും. കൊവിഡ് ആശുപത്രികളിൽ മതിയായ നഴ്സുമാരില്ലാത്തും പ്രതിസന്ധിയുണ്ടാക്കുന്നു.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി,കായംകുളം ഗവൺമെന്റ് ആശുപത്രി,കായംകുളം എളമെക്സ് ആശുപത്രി തുടങ്ങിയവയാണ് നിലവിൽ ചികിത്സ നടക്കുന്ന ആശുപത്രികൾ. പുറമെ മുളക്കഴയിലെ സ്വകാര്യ ആശുപത്രിയും ചികിത്സാ കേന്ദ്രമായി ഏറ്റെടുത്തിട്ടുണ്ട്.

പരിശോധന നിലച്ചതും

കാരണമായി

കൊവിഡിന്റെ ആദ്യ ദിനങ്ങളിൽ ജില്ലയുടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കർശനമായ പൊലീസ് പരിശോധനയാണ് നടത്തിയിരുന്നത്. പ്രത്യേകിച്ച് സമീപ ജില്ലകളിൽ നിന്ന് ആലപ്പുഴയിലേക്കുള്ള പ്രധാന പാതകളിലെല്ലാം തുടർച്ചയായ പരിശോധന നടത്തിയിരുന്നു. എന്നാൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഈ പരിശോധന അപ്രത്യക്ഷമായതും തിരിച്ചടിയായി.ആലപ്പുഴ നഗരത്തിലടക്കം പല മാർക്കറ്റുകളിലും യാതൊരു ത്വദീക്ഷയുമില്ലാതെയാണ് ആളുകൾ കൂടിയിരുന്നത്. ഇവരെ നിയന്ത്രിക്കാൻ പൊലീസ് വേണ്ടത്ര ജാഗ്രത കാട്ടിയുമില്ല.

ഇത്തരം നടപടികൾക്കെതിരെ ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരൻ വളരെ കടുത്ത വിമർശനമാണ് കഴിഞ്ഞ ദിവസം ഉയർത്തിയത്. അലംഭാവം കാട്ടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.കായംകുളം ചേർത്തല നഗരസഭകളും ആറ് പഞ്ചായത്തുകളുമാണ് പൂർണമായും അടച്ചിട്ടുള്ളത്. ആലപ്പുഴ, ചെങ്ങന്നൂർ നഗരസഭകളും 13 പഞ്ചായത്തുകളും ഭാഗകമായും അടച്ചിരിക്കുകയാണ്. കാര്യങ്ങൾ നിയന്ത്രണവിധേയമാക്കാൻ ജില്ലാ ഭരണകൂടവും പൊലീസും ആരോഗ്യവകുപ്പും ഒത്തുപിടിച്ച് ശ്രമിക്കുന്നുണ്ട്.എങ്കിലും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹിക സേവന സംഘടനകളും ഇത്തരം പ്രവർത്തനങ്ങളോട് നല്ലരീതിയൽ സഹകരിച്ചില്ലെങ്കിൽ ഈ ശ്രമങ്ങളൊന്നും ഫലവത്താവില്ല. എല്ലാറ്റിനുമുപരി ജനങ്ങളുടെ സ്വയം നിയന്ത്രണ സമീപനവും കൂടിയേ തീരൂ. അടിക്കടിയെത്തുന്ന സാംക്രമിക രോഗങ്ങൾ എപ്പോഴും ഭീതി വിതയ്ക്കുന്ന ജില്ല കൂടിയാണ് ആലപ്പുഴ എന്ന മറ്റൊരു ദുരിത ചരിത്രവുണ്ട്.