s

 കെട്ടിക്കിടക്കുന്ന അപേക്ഷകൾ ഉടൻ തീർപ്പാക്കും

ആലപ്പുഴ: കേരള ജല അതോറിട്ടിയിൽ കെട്ടിക്കിടന്ന അപേക്ഷകൾക്ക് ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ സൗജന്യ കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനുള്ള നടപടികൾ ജില്ലയിൽ ആരംഭിച്ചു. ആലപ്പുഴ, ചേർത്തല, മാവേലിക്കര, ഹരിപ്പാട് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർമാരുടെ പരിധിയിലായി 8,000ൽ അധികം അപേക്ഷകളാണ് വിവിധ കാരണങ്ങളാൽ കെട്ടിക്കിടക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും സൗജന്യ കുടിവെള്ള കണക്ഷൻ നൽകുന്ന പദ്ധതിയാണ് ജൽ ജീവൻ മിഷൻ.

ജില്ലയിൽ ഏറ്റവും കൂടുതൽ അപേക്ഷകൾ തീർപ്പാകാതെ കിടക്കുന്നത് ചേർത്തല അസി. എക്സിക്യുട്ടീവ് എൻജിനീയറുടെ പരിധിയിലാണ്, നാലായിരത്തോളം അപേക്ഷകൾ. പദ്ധതിയുടെ ആദ്യഘട്ടമായ ഈ വർഷം 1,31,198 വീടുകളിൽ കുടിവെള്ള കണക്ഷൻ ലഭ്യമാക്കും. ആദ്യഘട്ടത്തിൽ തീർപ്പാകാതെ കിടക്കുന്ന അപേക്ഷൾക്ക് മുൻഗണന നൽകും. ഇതിന് ജല അതോറിട്ടിയുടെ നേതൃത്വത്തിൽ കർമ്മപരിപാടി തയ്യാറാക്കിക്കഴിഞ്ഞു. ജല അതോറിട്ടി ഉദ്യോഗസ്ഥർ തദ്ദേശസ്ഥാപന അധികൃതരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്തു.

എ.പി.എൽ, ബി.പി.എൽ, പട്ടികജാതി, പട്ടിക വർഗം വേർതിരിവില്ലാതെയാണ് പദ്ധതി നടത്തുന്നത്. പഞ്ചായത്ത് അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതി വേഗം പൂർത്തീകരിക്കുന്നതിന് ടെൻഡർ വിളിക്കാനുള്ള നടപടികൾ വൈകാതെ ആരംഭിക്കും. അപേക്ഷകൾ തീർപ്പാകാതെ കിടക്കുന്നതിൽ ഭൂരിഭാഗവും റോഡ് മുറിച്ച് പൈപ്പ് ലൈൻ വലിക്കുന്നതിനുള്ള അനുമതി ലഭിക്കാത്തതും കൃത്യ സമയത്ത് ഡെപ്പോസിറ്റ് തുക അടയ്ക്കാത്തവയുമാണ്. തടസങ്ങൾ ഇല്ലാത്ത അപേക്ഷകർക്ക് 21 ദിവസത്തിനുള്ളിൽ കണക്ഷൻ നൽകുന്നുണ്ട്.

# വെള്ളമില്ലാത്തതും വിഷയം

മാവേലിക്കരയിൽ കുടിവെള്ളത്തിന്റെ ലഭ്യതക്കുറവാണ് അപേക്ഷകൾ തീർപ്പാക്കാൻ കഴിയാത്തതിൻറ്റെ പ്രധാന കാരണം. പുതിയ പദ്ധതികൾ കമ്മിഷൻ ചെയ്താൽ മാത്രമേ പ്രശ്ന പരിഹാരത്തിന് വഴിയൊരുങ്ങൂ. ചില സ്ഥലങ്ങളിൽ കണക്ഷനുവേണ്ടി ഉപഭോക്താക്കളിൽ നിന്ന് തുക വാങ്ങുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് നിറുത്തലാക്കിയ കണക്ഷനുകൾ പുതിയ അപേക്ഷകർക്ക് നൽകി തട്ടിപ്പ് നടത്തിയ സംഭവം ഹരിപ്പാട് ഡിവിഷനിൽ നടന്നിരുന്നു. വിജിലൻസ് അന്വേഷത്തിൽ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് നാല് ജീവനക്കാരെ സ്ഥലം മാറ്റിയിരുന്നു. പക്ഷേ, അന്വേഷണ റിപ്പോർട്ട് വെളിച്ചം കണ്ടില്ല.

# സൗജന്യത്തിലും തട്ടിപ്പ്

അപേക്ഷകരിൽ നിന്ന് 5,000 മുതൽ 10,000 രൂപ വരെ പ്ളംബിംഗ് കരാറുകാർ വാങ്ങുന്നതായി പരാതി. ജൽ ജീവൻ മിഷൻ പദ്ധതിയിലെ കുടിവെള്ള കണക്ഷൻ പൂർണ്ണമായും സൗജന്യമാണെന്നിരിക്കെയാണ് ഇത്തരത്തിൽ തട്ടിപ്പ്. ചേർത്തല കഴിഞ്ഞാൽ ആലപ്പുഴ സെക്ഷനിലാണ് കൂടുതൽ അപേക്ഷകൾ തീർപ്പാകാനുള്ളത്.കഴിഞ്ഞ മൂന്ന് മാസത്തിനിടെ ലഭിച്ച 1000 അപേക്ഷകൾ തീർപ്പാകാനുണ്ട്.

.....................................

# 8,000: തീർപ്പാകാത്ത അപേക്ഷകൾ