മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വഴിമുടക്കി കൊവിഡ്
ആലപ്പുഴ: കൊവിഡിൽ തട്ടിവീണ് മേക്കപ്പ് 'മുടങ്ങി'യതോടെ ജീവിതത്തിന്റെ നിറംമങ്ങിയ ആർട്ടിസ്റ്റുകൾ തിരിച്ചുവരവിന് വഴിയില്ലാതെ വലയുന്നു. സീസൺ കാലയളവിലെ പരിപാടികൾക്കായി തയ്യാറാക്കിവച്ചിരുന്ന വസ്ത്രങ്ങളും ചമയങ്ങളും ഉപയോഗശൂന്യമാവുന്ന അവസ്ഥ.
ഏറ്റവുമധികം തൊഴിൽ ലഭിച്ചിരുന്ന മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളാണ് പ്രയോജനമില്ലാതെ പോയത്. സ്കൂൾ വാർഷികങ്ങൾ, ക്ഷേത്ര ഉത്സവങ്ങൾ, അരങ്ങേറ്റം തുടങ്ങിയവ നടക്കുന്നതിനാൽ മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് എല്ലാ വർഷവും മികച്ച വരുമാനം ലഭിച്ചിരുന്ന കാലയളവാണ് കൊവിഡ് കവർന്നത്. വിവാഹങ്ങൾ പലതും മാറ്റിവച്ചതോടെ വധുവിനെ ഒരുക്കുന്ന മേക്കപ്പ് ആർട്ടിസ്റ്റുകൾക്കും വൻ തൊഴിൽ നഷ്ടമാണ്. വിവിധ കലോത്സവങ്ങൾക്കു വേണ്ടി സ്കൂളുകളിൽ കുട്ടികളെ തിരഞ്ഞെടുക്കുന്ന മത്സരങ്ങൾ ആരംഭിക്കുന്ന കാലയളവാണ് ജൂലായ്. അതും മുടങ്ങി. പരിപാടികളുടെ എണ്ണം കൂടുന്നതോടെ മേക്കപ്പ് സഹായികളെ കിട്ടാതെ പലരും ബുദ്ധിമുട്ടുന്നതായിരുന്നു പതിവ്. അഞ്ച് മാസത്തിനിടെ ഒരു വർക്ക് പോലും ലഭിക്കാത്തവരാണ് ഭൂരിഭാഗവും. പല സ്കൂളുകളുടെയും വാർഷിക ഉത്സവങ്ങൾക്ക് വേണ്ടി കൈക്കാശ് മുടക്കി തയ്യാറാക്കിയ തുണിത്തരങ്ങൾ കാഴ്ചവസ്തുക്കളായി. വസ്ത്രങ്ങൾ വാടകയ്ക്ക് നൽകുന്നതും മേക്കപ്പ് കലാകാരന്മാർക്ക് വരുമാനമാർഗമായിരുന്നു.
......................
ആർട്ടിസ്റ്റ് ജീവിതം
# സ്കൂൾ കലോത്സവ നാളുകൾ മേക്കപ്പ് ആർട്ടിസ്റ്റുകളളുടെ സുവർണ്ണകാലം
# ഏറ്റവുമധികം ബുക്കിംഗുകൾ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ
# ജൂലായ് മുതൽ സ്കൂളുകളിലെ സെലക്ഷൻ മത്സരങ്ങളുടെ തിരക്ക്
# തുടർന്ന് ഓണപ്പരിപാടികൾ, നവമി ഉത്സവങ്ങൾ
# കേരളത്തിൽ തിരക്ക് കുറയുമ്പോൾ തമിഴ്നാട്ടിലേക്ക്
# ടി വി ചാനലുകളിലെ പരിപാടികൾ നിലച്ചതും വിനയായി
........................
അദ്ധ്വാനം കഠിനം
പൊതുവേ തരക്കേടില്ലാത്ത വരുമാനം ലഭിച്ചിരുന്നതിനാൽ യുവാക്കളടക്കം മേക്കപ്പ് മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. 50 വയസ് പിന്നിട്ടിട്ടും മേക്കപ്പ് കൊണ്ട് ഉപജീവനം നടത്തുന്ന നിരവധി പേരുണ്ട്. മറ്റ് തൊഴിലുകൾ ചെയ്തിട്ടില്ലാത്തതിനാൽ കൊവിഡ് കാലം ഇത്തരക്കാർക്ക് അർദ്ധ പട്ടിണിയുടേതാണ്. വിവാഹ ഒരുക്കങ്ങൾക്ക് ആറ് മണിക്കൂർ വരെ മേക്കപ്പിന് വേണ്ടിവരും. കലോത്സവങ്ങളിലെ ഗ്രൂപ്പ് ഇനങ്ങളിൽ മത്സരാർത്ഥികളെ തയ്യാറാക്കാനും അദ്ധ്വാനം ഏറെയാണെന്ന് മേക്കപ്പ് ആർട്ടിസ്റ്റുകൾ പറയുന്നു.
...................................
വരുമാനം പൂർണമായി നിലച്ച അവസ്ഥയാണ്. വീട്ടുവാടക പോലും നൽകാൻ കെൽപ്പില്ലാത്ത നിരവധി പേരുണ്ട്. ഇതുവരെ ഒരു സംഘടനയും മേക്കപ്പ് ആർടിസ്റ്റുകൾക്ക് സഹായങ്ങൾ നൽകിയിട്ടില്ല. ഭാവിയിലെങ്കിലും ഒരു സംഘടനയുടെ ശക്തി വേണം എന്ന തിരിച്ചറിവിൽ ആലപ്പുഴ കേന്ദ്രീകരിച്ച് കലാഗ്രാമം എന്ന സംഘടനയ്ക്ക് തുടക്കമിട്ടിട്ടുണ്ട്
ബിബിൻ മാനുവൽ, മേക്കപ്പ് ആർട്ടിസ്റ്റ്
......................