ചേർത്തല : താലൂക്ക് ആശുപത്രിയെ അടച്ചു പൂട്ടലിലേക്ക് നയിച്ച സാഹചര്യത്തെ പറ്റി ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് വിശദീകരണം തേടി. അടിയന്തരമായി റിപ്പോർട്ട് നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.ആശുപത്രിയിലെ 30 ഡോക്ടർമാരും താത്കാലിക ജീവനക്കാരുൾപ്പെടെയുള്ള 251 ജീവനക്കാരും ക്വാറന്റൈനിലാണ്.ഒരു ഡോക്ടർ ഉൾപ്പെടെ 15 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.രോഗികളെയെല്ലാം ഒഴിപ്പിച്ച് ഡയാലിസിസ് യൂണിറ്റ് മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇവിടെ ഉണ്ടായിരുന്ന രോഗികളെ എല്ലാം നിരീക്ഷണത്തിലാക്കി.മുഴുവൻ ജീവനക്കാരും ഒരേ സമയം ക്വാറന്റൈനിലാകുന്ന സാഹചര്യമുണ്ടായത് ആശുപത്രി അധികൃതരുടെ ആസൂത്രണത്തിലെ വീഴ്ചയാണെന്ന് വിമർശനം ഉയർന്നിരുന്നു.
ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരൻ തന്നെ ഇക്കാര്യത്തിൽ വിമർശം ഉയർത്തി രംഗത്തെത്തി.ആശുപത്രിയിലെ ജീവനക്കാരുടെ വിന്യാസത്തിലെ അപാകതയും സ്രവ പരിശോധന നടത്തിയ ജീവനക്കാരെ ഡ്യൂട്ടിക്കായി നിയോഗിച്ചതുമാണ് ആശുപത്രി അടച്ചിടേണ്ട സാഹചര്യത്തിലേയ്ക്ക് നയിച്ചത്.മന്ത്റി പി.തിലോത്തമനും വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
സ്രവപരിശോധന നടത്തി ഫലം വരുന്നതിനു മുമ്പുതന്നെ 20 ജീവനക്കാരെയാണ് ജോലിക്ക് നിയോഗിച്ചത്.ഇവരിൽ 9 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.പരിശോധനാഫലം പോസീറ്റാവായ വിവരം ജീവനക്കാരറിഞ്ഞത് ഡ്യൂട്ടിക്കിടയിലാണ്.ഇവരുടെ സമ്പർക്കം താലൂക്കിലെ സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്നാണ് ആരോഗ്യ വിദഗ്ദർ നൽകുന്ന വിശദീകരണം.ഫലം വരുന്നതിനു മുമ്പ് ഡ്യൂട്ടിക്കു നിയോഗിച്ചവർ ഗർഭിണികൾക്കും കുട്ടികൾക്കും പ്രതിരോധ മരുന്നു നൽകുന്ന പ്രവർത്തനത്തിൽ വരെ ഏർപ്പെട്ടിരുന്നു.
കുട്ടികളെയും ഗർഭിണികളെയും
പരിശോധനയ്ക്ക് വിധേയരാക്കണം
താലൂക്കാശുപത്രിയുടെ നേതൃത്വത്തിൽ നടന്ന പ്രതിരോധ കുത്തിവയ്പിനെത്തിയ കുട്ടികളെയും അമ്മമാരെയും ഗർഭിണികളെയും കൊവിഡ് പരിശോധനക്ക് വിധേയരാക്കണമെന്നുകാട്ടി മുനിസിപ്പൽ ചെയർമാൻ വി.ടി.ജോസഫ് ആശുപത്രി സൂപ്രണ്ടിന് കത്തുനൽകി.കരുവ കോര്യംപള്ളി എൽ.പി സ്‌കൂളിൽ 9ന് പ്രതിരോധ മരുന്നു നൽകാനെത്തിയ സംഘത്തിലുൾപ്പെട്ട ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
ഏഴുദിവസ ഇടവേളകളിൽ ജീവനക്കാരെ വിന്യസിക്കണം
ജീവനക്കാരെ ഏഴുദിവസത്തെ ഇടവേളകളിൽ വിന്യസിക്കുന്ന സംവിധാനം നടപ്പാക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ചേർത്തല ബ്രാഞ്ചുകമ്മിറ്റി ആവശ്യപ്പെട്ടു.താലൂക്ക് ആശുപത്രിയിൽ ജീവനക്കാർ കൂട്ടത്തോടെ പോസീറ്റാവുകയും ക്വാറന്റൈനിലാകുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ ഇതനിവാര്യമാണ്. സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.ഡി.രാജൻ യോഗം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജോസ് എബ്രഹാം അദ്ധ്യക്ഷനായി.ജില്ലാ ഭാരവാഹികളായ കെ.ഭരതൻ പി.എസ്.സുനിൽ, കെ.ടി.സാരഥി,ആർ.ശ്രീജിത്ത്, അഞ്ജു ജഗദീഷ്,പി.ലാലു,പി.ടി.അജിത്.സിജൂ ബക്കർ, സേതു റാം എന്നിവർ പങ്കെടുത്തു.