breakfast

# നഗരസഭ പരിധിയിലെ 1800 കുട്ടികൾക്ക് പ്രഭാതഭക്ഷണം മുടങ്ങില്ല

ആലപ്പുഴ: അടുത്ത കാലത്തെങ്ങാനും സ്കൂൾ തുറന്നാൽ, നഗരസഭാ പരിധിയിലെ ഒന്നുമുതൽ ഏഴു വരെയുള്ള ക്ളാസുകളിലെ 1800 നിർദ്ധന കുട്ടികൾക്ക് പ്രഭാതഭക്ഷണം ഉറപ്പാക്കി നഗരസഭ അധികൃതർ. കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച പദ്ധതി വിജയമായതിനാൽ ഇത്തവണ 25 ലക്ഷമാണ് വകയിരുത്തിരിക്കുന്നത്.

40 സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ഈ വർഷം ഒന്നാം ക്ലാസിലുൾപ്പടെ അഡ്മിഷനെടുത്ത കുട്ടികളുടെ കൂടി കണക്കെടുത്ത ശേഷമേ പുതിയ ഗുണഭോക്തൃ പട്ടിക തയ്യാറാക്കൂ. വീടുകളിലെ സാഹചര്യം മൂലം രാവിലെ ഭക്ഷണം കഴിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് വലിയ ആശ്വാസമാണ് പ്രഭാതഭക്ഷണ പദ്ധതി. അദ്ധ്യാപകരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് അർഹരെ കണ്ടെത്തും. നഗരസഭ പരിധിയിലെ ആറ് കുടുംബശ്രീ യൂണിറ്റുകൾക്കാണ് നിലവിൽ പാചകത്തിന്റെയും കാറ്ററിംഗിന്റെയും ചുമതല. സ്കൂൾ തുറക്കുന്ന സമയത്ത് ഭക്ഷണം എത്തിക്കും വിധമാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

തിങ്കൾ മുതൽ വെള്ളിവരെയും, ക്ലാസുള്ള ശനിയാഴ്ചകളിലും ഭക്ഷണം നൽകും. ഓരോ ദിവസത്തേക്കും പ്രത്യേക മെനുവാണ് തയ്യാറാക്കിയിരിക്കുന്നത്. കുടുംബശ്രീ പദ്ധതികളുമായി കൈകോർത്താണ് കുട്ടികൾക്കുള്ള മുട്ടയും പച്ചക്കറികളും എത്തിക്കുന്നത്. ഇതിലൂടെ തദ്ദേശ ഉത്പാദനം വർദ്ധിപ്പിക്കാനാവും എന്നതും നേട്ടമാണ്. കേരളത്തിൽ ആദ്യമായി സ്കൂളുകളിൽ പ്രഭാത ഭക്ഷണപദ്ധതി ഏർപ്പെടുത്തിയ നഗരസഭ ആലപ്പുഴയാണ്.

.....................................

# 40: സ്കൂളുകളുടെ എണ്ണം

# 1800: ഗുണഭോക്താക്കളായ കുട്ടികൾ

.........................................

# മാതൃകയാണ് സായി അന്നപൂർണ്ണ ട്രസ്റ്റ്

ആലപ്പുഴ സായി അന്നപൂർണ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മൂന്നു വർഷമായി ജില്ലയിലെ അഞ്ച് സ്കൂളുകളിൽ പ്രഭാതഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ട്രസ്റ്റ് അംഗങ്ങളുടെ സഹായത്തോടെയാണ് ഫണ്ട് കണ്ടെത്തുന്നത്. എല്ലാ സാധനങ്ങളും സ്കൂളുകളിൽ എത്തിച്ചുനൽകും. പാചകക്കാർക്കുള്ള വേതനവും നൽകും. 2017ൽ ആലപ്പുഴ ടി.ഡി ജെ.ബി സ്കൂളിലാണ് പദ്ധതി ആരംഭിച്ചത്. അന്നപൂർണ ട്രസ്റ്റ് ജില്ലാ കോ ഓർഡിനേറ്റർ വിവേക് ബാബു, സായിരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

......................

കുടുംബശ്രീയുമായി സഹകരിച്ചാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന മുട്ടയും പച്ചക്കറികളുമാണ് കുട്ടികൾക്കായി ഒരുക്കുന്നത്. സ്കൂൾ തുറന്നാലുടൻ പദ്ധതി പുനരാരംഭിക്കും

അഡ്വ. മനോജ്കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

................

# പ്രഭാതഭക്ഷണ മെനു

ഇഡലി, ദോശ, പുട്ട്, ഇടിയപ്പം

വ്യാഴാഴ്ചകളിൽ അപ്പവും മുട്ടക്കറിയും