ഇന്നലെ 15 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
കായംകുളം: കൊവിഡ് രോഗികളുടെ എണ്ണം ആശങ്കാജനകമാംവിധം വർദ്ധിക്കുന്ന കായംകുളത്ത് ഇന്നലെ 15 പേർക്കു കൂടി സമ്പർക്കത്തിലൂടെ രോഗംസ്ഥിരീകരിച്ചു. ഇതോടെ കായംകുളത്തെ രോഗ ബാധിതരുടെ ആകെ എണ്ണം 53 ആയി. കായംകുളം മർക്കറ്റിലെ പച്ചക്കറി വ്യാപാരിയുമായും മത്സ്യ വിപണന കേന്ദ്രവുമായും സമ്പർക്കം പുലർത്തിയവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇനി 800 പേരുടെ പരിശോധനാ ഫലം കൂടി വരാനുണ്ട്.
രോഗ വ്യാപനം തടയാൻ ആരോഗ്യ വകുപ്പ് മന്ത്രി നേരിട്ട് പങ്കെടുക്കുന്ന അവലോകനയോഗം കായംകുളത്ത് നടത്തണമെന്ന് നഗരസഭ ചെയർമാൻ എൻ.ശിവദാസൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മന്ത്രിയ്ക്ക് കത്ത് നൽകി. കാര്യങ്ങൾ കൈവിട്ട സ്ഥിതിയ്ക്ക് രോഗവ്യാപനം തടയുവാൻ ജില്ലാ കൊവിഡ് സെൽ ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്നും നിയന്ത്രണം നീട്ടണമെന്നും നഗരസഭ ആവശ്യപ്പെട്ടു.
സാമ്പിൾ പരിശോധനയ്ക്ക് താലൂക്ക് ആശുപത്രിയിൽ ഒരു കേന്ദ്രം കൂടി അനുവദിയ്ക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. നിലവിൽ ഇവിടെ രണ്ട് സെന്ററുകളും ഷഹീദാർ പള്ളി മദ്രസയിൽ ഒരു കേന്ദ്രവുമാണ് ഉള്ളത്.
പരിശോധനാ ഫലത്തിനുള്ള കാലതാമസവും ഒഴിവാക്കണം.ഫലം വരാൻ 8 ദിവസം വരെ താമസം നേരിടുന്നുണ്ട്.പരിശോധനയ്ക്ക് രോഗബാധിതരുടെ കുടുംബാംഗങ്ങൾക്ക് ആദ്യപരിഗണന നൽകും. പരിശോധനയ്ക്ക് വാർഡ് ജാഗ്രതാ സമിതിയുടെ അനുമതി നിർബന്ധമാക്കുവാനും നഗരസഭാ മോണിറ്ററിംഗ് കമ്മറ്റി തീരുമാനിച്ചു.
.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവർ
വാർഡ് - 1 - 1
വാർഡ് - 5 - 3
വാർഡ് - 6 - 4
വാർഡ് - 7 - 5
വാർഡ് - 10 - 1
വാർഡ് - 22 - 1
ആകെ - 15