ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് സമീപം ചെരുപ്പു നന്നാക്കുന്നയാളെ നടപ്പാതയിൽ മരിച്ച നിലയിൽ കാണപ്പെട്ടു.
തമിഴ്നാട് സ്വദേശി മുരുകനാണ് (48) മരിച്ചത്. ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവം.
ചെരുപ്പു നന്നാക്കുന്ന ജോലി ചെയ്യുന്ന വിനോദ് (കുഞ്ഞുമോൻ), ജാസ്മിൻ എന്നിവരുമായി ഇതിനു മുമ്പ് മുരുകൻ വഴക്കിടുകയും തമ്മിലടി ഉണ്ടാവുകയും ചെയ്തതായി നാട്ടുകാരും പൊലീസും പറഞ്ഞു. വിനോദിനെ ഹരിപ്പാട് പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും കൊവിഡ് ടെസ്റ്റ് കഴിഞ്ഞതിനു ശേഷമേ സ്റ്റേഷനിൽ കൊണ്ടുവരികയുള്ളൂ. വർഷങ്ങളായി താലൂക്ക് ആശുപത്രിക്കു സമീപം ചെരുപ്പ് നന്നാക്കുന്നയാളാണ് മുരുകൻ. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോർട്ടം നടത്തും.