അമ്പലപ്പുഴ:തീരദേശത്ത് കൊവിഡ് വ്യാപനമുണ്ടാകുന്നത് തടയുന്നതിനായി മത്സ്യ ബന്ധനം പൂർണ്ണമായും നിരോധിച്ച ജില്ലാ ഭരണകൂടം ഷെഡുകളിൽ ചെമ്മീൻപീലിംഗ്‌ നിരോധിക്കാത്തത് ഇരട്ടത്താപ്പാണെന്ന് ധീവരസഭ അമ്പലപ്പുഴ-കാർത്തികപ്പള്ളി താലൂക്ക് കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.ചെമ്മീൻ പീലിംഗിനെത്തിക്കുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നുമാണ്. കൂടാതെ പല പീലിംഗ് ഷെഡുകളിലും അന്യ സ്ഥലങ്ങളിൽ നിന്നുമാണ് തൊഴിലാളികൾ ജോലിക്കെത്തുന്നത്. തൊഴിൽ നഷ്ടമാകുന്ന തൊഴിലാളികൾക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യണമെന്ന് അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ് കെ.പ്രദീപ്, സെക്രട്ടറി ആർ.സജിമോൻ, കാർത്തികപ്പള്ളി താലൂക്ക് പ്രസിഡന്റ് കെ.സുഭഗൻ ,സെക്രട്ടറി അനിൽ ബി.കളത്തിൽ എന്നിവർ സംയുക്ക പ്രസ്താവനയിൽ ആവശ്യപ്പെട്ടു.