മാവേലിക്കര: താലൂക്കിൽ കൊവിഡ് വർദ്ധനയുടെ അടിസ്ഥാനത്തിൽ താമരക്കുളം, നൂറനാട്, തെക്കേക്കര, പാലമേൽ പഞ്ചായത്തുകളിലെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർക്കും ഐ.ടി.ബി.പി അംഗങ്ങൾക്കും സ്രവ പരിശോധനയിൽ മുൻഗണന നൽകാൻ ആർ. രാജേഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
പരിശോധനകളുടെ വേഗംകൂട്ടാൻ ചാരുംമൂട്ടിലെ സ്വകാര്യ സ്‌കൂൾ സ്രവം ശേഖ6രിക്കൽ സെന്ററാക്കും. ഐ.ടി.ബി.പിക്ക് ക്വാറൻറ്റൈൻ ആവശ്യങ്ങൾക്കായി നിലവിൽ ശബരി സെൻട്രൽ സ്‌കൂൾ, തണ്ടാനുവിള എച്ച്.എസ്.എസ് എന്നിവ ഏറ്റെടുത്തിട്ടുണ്ട്. കൂടുതൾ അംഗങ്ങൾ ഇവിടേക്ക് എത്തുന്ന സാഹചര്യമുണ്ടായാൽ ചത്തിയറ എച്ച്.എസ്.എസും ഏറ്റെടുക്കും. ഐ.ടി.ബി.പിയിൽ മാവേലിക്കര ഫയർഫോഴ്‌സ് ഇന്ന് അണുനശീകരണം ആരംഭിക്കും. സ്രവ ശേഖരണ കേന്ദ്രത്തിലേക്ക് 5 അദ്ധ്യാപകരെ അനുവദിച്ചു. ഇവരെ ഭരണിക്കാവ് ബ്ലോക്കിലെ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും.
മാവേലിക്കര പി.എം ആശുപത്രി കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററാക്കാൻ തീരുമാനമായി. അടുത്ത 20നുള്ളിൽ പ്രവർത്തനം ആരംഭിക്കത്തക്ക വിധത്തിൽ സജ്ജീകരണങ്ങൾ ഒരുക്കും. ഡോ.ഷിബു ഖാന്റെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവർത്തകർക്കാണ്. നൂറനാട്, താമരക്കുളം എന്നിവിടങ്ങളിൽ ഉടൻ വോളണ്ടിയർ സംവിധാനം സജ്ജമാകും. യോഗത്തിൽ ലാൻഡ് ആൻഡ് റവന്യു തഹസിൽദാർ ടി.സി.മാത്യു, ഡപ്യൂട്ടി തഹസിൽദാർ ജി.ബിനു, താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗീത, ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് ശാന്താഗോപാലകൃഷ്ണൻ, പാലമേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബിജു, തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. വിശ്വനാഥൻ, തഴക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.അനിരുദ്ധൻ, മാവേലിക്കര ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ജിതേഷ്, ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് ജീവനക്കാർ, പൊലീസ് എന്നിവർ പങ്കെടുത്തു.