മാവേലിക്കര : മാവേലിക്കര ജില്ലാ ആശുപത്രി പൂർണ്ണമായും കോവിഡ് ചികിത്സാകേന്ദ്രമാക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടതായി ആശുപത്രി സൂപ്രണ്ട് കൊവിഡ് അവലോകന യോഗത്തിൽ അറിയിച്ചു. ആശുപത്രിയിലെ അത്യാഹിത വിഭാഗം ഒഴികെ എല്ലാ സേവനങ്ങളും സമീപത്തെ സർക്കാർ ആശപത്രികളിലേക്ക് മാറ്റും. വിവിധ വിഭാഗത്തിലുള്ള ഡോക്ടർമാരുടെ സേവനം കുറത്തികാട് സാമൂഹിക ആരോഗ്യ കേന്ദ്രം, ചെട്ടികുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്കായി ക്രമീകരിക്കും. നിലവിലത്തെ കീമോതറാപ്പി യൂണിറ്റ് കുറത്തികാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്കോ ചെട്ടികുളങ്ങര പ്രഥമിക ആരോഗ്യ കേന്ദ്രത്തിലേക്കോ മാറ്റും. ഡയാലിസിസ് യൂണിറ്റ് കായംകുളം, ചെങ്ങന്നൂർ, ഹരിപ്പാട് ആശുപത്രികളിലായി ക്രമീകരിക്കും. നിലവിൽ ഇവിടെയുള്ള ഡയാലിസിസ് സംവിധാനം കൊവിഡ് ചികിത്സ തേടുന്നവർക്കായി ഉപയോഗിക്കും.
പുതിയ ഐ.സി.യു, വെന്റിലേറ്റർ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി കുറച്ച് ദിവസത്തേക്ക് ഓപ്പറേഷൻ തീയറ്റർ ഉൽപ്പെടുന്ന വിഭാഗം അടച്ചിടും. ഇന്ന് ജില്ലാ ആശുപത്രിയിൽ ചേരുന്ന ജില്ലയിലെ ആരോഗ്യ വിദഗ്ദരുടെ യോഗത്തിൽ അവസാനഘട്ട തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും സൂപ്രണ്ട് അറിയിച്ചു. എന്നാൽ നിലവിൽ കൊവിഡ് പ്രവർത്തനങ്ങൾക്കായി ഏറ്റെടുത്തിരിക്കുന്ന വാർഡ് ഐസൊലേറ്റ് ചെയ്ത് ഉപയോഗിച്ച് കോവിഡ് പ്രവർത്തനങ്ങൾ അവിടെ ഏകോപിപ്പിച്ച് ബാക്കിയുള്ളവ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കത്തക്ക വിധത്തിൽ ക്രമീകരണം ഉണ്ടാക്കണമെന്ന് എം.എൽ.എ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.