ചേർത്തല: ഇന്നലെ പുതുതായി സമ്പർക്ക രോഗികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലാത്തത് താലൂക്കിന് ആശ്വാസം പകരുന്നു .രോഗം വ്യാപിച്ചതിനെ തുടർന്ന് അടച്ചുപൂട്ടിയ ചേർത്തല താലൂക്കാശുപത്രിയിൽ നടത്തിയ റാപ്പിഡ് ആന്റിജൻ പരിശോധനയിൽ(സ്ക്രീനിംഗ് ടെസ്റ്റ്) 251 ജീവനക്കാരുടെയും ഫലം നെഗ​റ്റീവായി .ആശുപത്രിയിലെ 30 ജീവനക്കാരുടെ പി.സി.ആർ ടെസ്റ്റ് നടത്തിയപ്പോൾ 13 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.ആശുപത്രി തുറന്ന് പ്രവർത്തിക്കുന്നതിന് മുമ്പ് മുഴുവൻ ജീവനക്കാരുടെയും പി.സി.ആർ ടെസ്റ്റ് (സ്രവ പരിശോധന)നടത്തണമെന്ന് ജീവനക്കാർ പറയുന്നു.ഇപ്പോൾ പൂർത്തിയായത് സ്ക്രീനിംഗ് പരിശോധന മാത്രമാണ്.നിലവിൽ മുഴുവൻ ജീവനക്കാരും ക്വാറന്റൈനിലാണ്.ഇവരുടെ ക്വാറന്റൈൻ കാലാവധി 20ന് അവസാനിച്ച് ജോലിയിൽ പ്രവേശിക്കും.27 ഡോക്ടർമാരുടെയും താത്കാലിക ജീവനക്കാർ ഉൾപ്പെടെ 221 പേരുടെയുമാണ് ഇനി സ്രവ പരിശോധന നടത്തേണ്ടത്.

ഇന്നലെ അഞ്ചു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.അഞ്ചു പേരും മ​റ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും വന്നവരാണ്.പള്ളിത്തോട്,എഴുപുന്ന,പട്ടണക്കാട്,ഒ​റ്റമശ്ശേരി ഭാഗങ്ങളിൽ നിന്നുള്ള പരിശോധനാ ഫലങ്ങളാണ് ഇനി നിർണായകമാകുന്നത്

ചൊവ്വാഴ്ച നിയമലംഘനത്തിന് 24 കേസുകൾ പൊലീസ് രജിസ്​റ്റർ ചെയ്തു.സമയക്രമം പാലിക്കാതെ കടകൾ പ്രവർത്തിപ്പിച്ചതിന് 14ഉംഅനാവശ്യമായി വാഹനങ്ങളിൽ കറങ്ങിയതിന് നാലും മാസ്‌കു ധരിക്കാത്തതിന് നാലും കേസുകളാണ് എടുത്തത്.