photo

ചേർത്തല:45വർഷം തരിശ് കിടന്ന തണ്ണീർമുക്കത്തെ ചാലാംപറമ്പ് പാടം കതിരണിയും.തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 23-ാം വാർഡിൽ ഒന്നര ഏക്കറിനുമേൽ വരുന്ന പാടശേഖരത്താണ് ഗ്രാമപഞ്ചായത്തിന്റെ സുഭിക്ഷ കേരളം സ്വയംപര്യാപ്ത തണ്ണീർമുക്കം പദ്ധതിയിലെ കതിർമണി പദ്ധതി നടപ്പാക്കുന്നത്.26 പേരടങ്ങുന്ന കർഷക കൂട്ടായ്മയാണ് കാടുംപടലും പിടിച്ച് മാലിന്യ കൂമ്പാരമായി കിടന്നിരുന്ന പാടശേഖരം കൃഷിക്ക് യോഗ്യമാക്കിയത്. കർഷക അവാർഡ് ജേതാവും കാർഷിക വികസന സമിതി അംഗവുമായ വി.കെ പൊന്നപ്പന്റെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്. പാടശേഖരത്തിന് ചു​റ്റും പുതിയതായി ചിറകൾ ഒരുക്കി വാഴ വിത്തുകളും കപ്പക്കൊമ്പുകളും നട്ട്‌ കതിർമണി പദ്ധതിയോടൊപ്പം സംയോജിത കൃഷിയും ആരംഭിച്ചു.കൃഷിക്ക് പിന്തുണയുമായി തൊഴിലുറപ്പ് പദ്ധതിയുടെ സഹായങ്ങൾ കൂടി ലഭ്യമായപ്പോൾ റെക്കാഡ് വിളവെടുപ്പിനുളള തയ്യാറെടുപ്പിലാണ് കർഷക കൂട്ടായ്മ. ചാലാപറമ്പ് പാടത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് ഉദ്ഘാടനം നിർവഹിച്ചു.കെ.ജെ സെബാസ്​റ്റ്യൻ അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബിനിത മനോജ്, സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീജ ഷിബു,കൃഷി ഓഫീസർ പി.സമീറ എന്നിവർ നേതൃത്വം നൽകി.