ചാരുംമൂട്: ഐ.ടി.ബി.പി ക്യാമ്പിലെ കൊവിഡ് വ്യാപനത്തിനു പിന്നാലെ, ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചാരുംമൂട്, നൂറനാട് മേഖല ആശങ്കയിൽ. മേഖലയിൽ വീടുകളിൽ ക്വാറന്റൈനിലായിരുന്ന ചിലർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ചുനക്കര നടുവിൽ നൗഫൽ മൻസിലിൽ നസീർ (47) ആണ് മരിച്ചത് ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ വീടുമായി സമ്പത്തിലുണ്ടായിരുന്നവരുടെ ലിസ്റ്റ് ആരോഗ്യ വകുപ്പ് അധികൃതർ തയ്യാറാക്കി വരികയാണ്. നൂറനാട് ഐ.ടി.ബി.പി ക്യാമ്പിലെ രണ്ട് ഉദ്യോഗസ്ഥർക്കു കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ക്യാമ്പിലെ രോഗബാധിതരുടെ എണ്ണം 136 ആയി.
16 സേനാംഗങ്ങളുടെ സ്രവ സാമ്പിൾകൂടി ഇന്നലെ ശേഖരിച്ചു. ക്യാമ്പിന് പുറത്ത് താമസിക്കുന്ന ഉദ്യോഗസ്ഥരുടെയും ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെയും സാമ്പിളുകൾ ഇന്ന് ചാരുംമൂട്ടിലെ കേന്ദ്രത്തിൽ ശേഖരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. മേഖലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ചാരുംമൂട് ജംഗ്ഷനിൽ പൊലീസ് പിക്കറ്റിടുകയും കെ.പി. റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.