തുറവൂർ: കൊവിഡ് ബാധിച്ച് ഐസൊലേഷൻ വാർഡിൽ കഴിയുന്ന സ്റ്റാഫ്നഴ്സിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നതായി പരാതി. ചെങ്ങന്നൂർ ജില്ലാആശുപത്രിയിലെ ജീവനക്കാരിയായ തുറവൂർ സ്വദേശിനിയുടെ ഭർത്താവാണ് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്കു പരാതി നൽകിയത്. ദിവസങ്ങൾക്ക് മുൻപ് വിവാഹത്തിൽ പങ്കെടുത്തപ്പോൾ സുഹൃത്തുക്കൾക്കൊപ്പം നിന്നെടുത്ത ഫോട്ടോയാണ് അപകീർത്തിപ്പെടുത്താൻ ഉപയോഗിച്ചത്. രോഗ ബാധിതരുടെ പേരു വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്ന സാഹചര്യത്തിലാണ് ഫോട്ടോയിലെ യുവതിയുടെ മുഖം വട്ടം വരച്ച് അടയാളപ്പെടുത്തുകയും ഇവർക്ക് കൊറോണയാണെന്നും നാട്ടിൽ രോഗം പരത്തുന്നത് ഇവരാണെന്നും സന്ദേശം പോസ്റ്റു ചെയ്തു പ്രചരിപ്പിച്ചത്.ആശുപത്രിയിൽ സ്രവം എടുക്കുന്ന ഡ്യൂട്ടിയിലാണ് യുവതി പ്രവർത്തിച്ചിരുന്നത്.