കൊച്ചി : ആർ.എസ്.എസ് ചാരുംമൂട് താലൂക്ക് കാര്യവാഹകായിരുന്ന ചന്ദ്രൻപിള്ളയെ കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷക്ക് വിധിച്ച സി.പി.എമ്മുകാരായ ഏഴു പ്രതികളെ ഹൈക്കോടതി വെറുതേ വിട്ടു. വെട്ടിയാർ സ്വദേശി ഓമനക്കുട്ടൻ, റോഷൻ, സഹോദരൻ റോബിൻ, പ്രദീപ്, സഹോദരൻ പ്രവീൺ, സുനിൽ, കുഞ്ഞുമോൻ എന്നിവരെയാണ് ഡിവിഷൻ ബെഞ്ച് ശിക്ഷ റദ്ദാക്കി വെറുതേ വിട്ടത്.
2007 ഏപ്രിൽ 20 നാണ് സംഭവം. വെട്ടിയാറിൽ ആർ.എസ്.എസ് പ്രവർത്തകരുടെ വീടുകൾ ആക്രമിച്ചെന്ന വാർത്തയറിഞ്ഞാണ് ചന്ദ്രൻ പിള്ള സ്ഥലത്തെത്തിയത്. വീടുകൾ സന്ദർശിക്കുന്നതിനിടെ ഒരു സംഘം സി.പി.എം പ്രവർത്തകർ ആക്രമിച്ചെന്നും ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെട്ടിക്കൊലപ്പെടുത്തിയെന്നുമായിരുന്നു കേസ്. മാവേലിക്കര അഡി. സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് സാക്ഷിമൊഴികളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് വെറുതേ വിട്ടത്.