ആലപ്പുഴ: ജില്ലയിലെ സ്‌നാനകേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും പിതൃതർപ്പണം ഇല്ലാതെ കർക്കടക വാവുബലി ചടങ്ങുകൾ നടത്തും. 20നാണ് കർക്കടക വാവ്.
ബലിതർപ്പണ ചടങ്ങുകൾക്കിടെ കൊവിഡ് സാമൂഹിക അകലം നിയന്ത്രിക്കാൻ കഴിയില്ലെന്നതിനാലാണ് ഇത്തവണ ചടങ്ങുകൾ പൂർണ്ണമായും ഒഴിവാക്കാൻ ക്ഷേത്രഭാരവാഹികൾ തീരുമാനിച്ചത്. തൃക്കുന്നപ്പുഴ തീരം, തോട്ടപ്പള്ളി പൊഴിമുഖം, പുന്നപ്ര അറവുകാട് ശ്രീദേവീ ക്ഷേത്രം, ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രം, ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, പല്ലന ശ്രീപോർക്കലി ദേവീ മഹാദേവ ക്ഷേത്രം, മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിലെ തൈക്കൽ ശിവപുരി കടൽതീരം, മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രം, കൊറ്റംകുളങ്ങര വിഷ്ണു ക്ഷേത്രം, തോട്ടപ്പള്ളി പൊഴിമുഖം, തോട്ടപ്പള്ളി ശ്രീബലഭദ്ര സ്വാമി ക്ഷേത്രം, കണ്ടിയൂർ ആറാട്ടുകടവ്, പുത്തനമ്പലം ശ്രീനാരായണപുരം ക്ഷേത്രം, അമ്പലപ്പുഴ കോമന തീരം, പുന്നപ്ര കടൽ തീരം, ആറാട്ടുപുഴ വലിയഴീക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മുതുകുളം കൊല്ലക പോരൂർമഠം ദേവീക്ഷേത്രം, മംഗലം ഇടക്കാട് ജ്ഞാനേശ്വരം, വേളോർവട്ടം തുടങ്ങിയ ക്ഷേത്രങ്ങളിലൊക്കെ പിതൃതർപ്പണ ചടങ്ങുകൾ ഒഴിവാക്കിയിട്ടുണ്ട്. ഫോൺ വഴിയോ വാട്ട്സാപ്പിലോ വഴിപാട് രജിസ്റ്റർ ചെയ്യാനാവും.
ജില്ലയിൽ ഏറ്റവും കൂടുതൽ പേർ ബലിതർപ്പണത്തിന് എത്തുന്നത് തൃക്കുന്നപ്പുഴ തീരത്താണ്. മൂന്ന് ലക്ഷത്തോളം പേരാണ് എല്ലാവർഷവും എത്തിയിരുന്നത്. തിലഹവനവും പിതൃപൂജയും നടത്താനുള്ള ഓൺലൈൻ സംവിധാനം ക്ഷേത്രം ഭാരവാഹികൾ ക്രമീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ പ്രവേശനമുണ്ടാവില്ല.തിലഹവനവും പിതൃപൂജയും നടത്തുന്ന പ്രസാദം പിതൃക്കൾക്കായി മേൽശാന്തി ഈശ്വരൻ നമ്പൂതിരിയുടെ മേൽനോട്ടത്തിൽ ബലിത്തറയിൽ സമർപ്പിച്ച് പ്രാർത്ഥിക്കും. www.sreedharmasastha.org എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.